പണവും പരുന്തും

കാലിഫോർണിയയുടെ ശരിക്കുള്ള താമസക്കാർ മെക്സിക്കൻ ഇന്ത്യയ്ക്കാരായിരുന്നു. അമേരിക്കൻ ഭരണകൂടം, പത്തൊൻപതാം നൂറ്റാണ്ടിൽ അവസാന നിമിഷം വരെ തല താഴ്ക്കാൻ വിസ്സമ്മതിച്ച ആ ഗോത്രക്കാരെ തോല്പിച്ചു എന്ന് ചരിത്രം.
പിന്നീട്, എഡ്‌വേഡ്‌ ഫിറ്റസ്ജ്‌റാൾഡ് ബീൽ എന്നൊരു അവസരവാദി (opportunist എന്ന് തന്നെ യാണ് സർക്കാരിന്റെ മ്യൂസിയത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്!), ഇന്ത്യക്കാരുടെ പുനർവിസ്ഥാപനത്തിനായി ചീഫ് സൂപ്പർവൈസറായി/സർവേയറായി എത്തി. അയാൾ ‘തനി’ സർക്കാരുദ്യോഗസ്ഥനായിരുന്നു. നാലു കൊല്ലത്തെ സാമ്പത്തിക ക്രമക്കേടുകൾ കാരണം എബ്രഹാം ലിങ്കൺ പിരിച്ചു വിട്ടപ്പോഴേക്കും, സർക്കാരിനെ പറ്റിച്ചു, ഇന്ത്യക്കാരെ പറ്റിച്ചു, സ്വകാര്യമായി വാങ്ങിച്ചു കൂട്ടിയ ഭൂമിയുടെ ഒത്ത നടുവിൽ ‘പുനർവിസ്ഥാപനത്തിനായി’ തെറ്റായ രേഖയുണ്ടാക്കി, കോടീശ്വരനായി കഴിഞ്ഞിരുന്നു. ‘Tejon Ranch’ എന്ന പേരിൽ ഏറ്റവും വലിയ സ്വകാര്യ സമ്പത്താണ് അയാളുടെ കൈവശമായത്.
പക്ഷിമൃഗാദികൾ സമൃദ്ധമായ ആ സ്ഥലങ്ങൾ കാലാന്തരേ അയാളുടെ പുത്രൻ റിയൽ എസ്റ്റേറ്റ് മുതലകൾക്കു (മുതലാളികൾക്കു)വിൽക്കുകയും, മണ്ണിന്റെ മക്കളുടെ ഭൂമി അങ്ങനെ വൻകിട ബിസിനെസ്സ്കാരുടെ കൈയിൽപ്പെടുകയും ചെയ്തു.
അമേരിക്കൻ ജനതയുടെ ശക്തിയെന്തെന്നാൽ അവർ ഇതൊക്കെ പച്ചയായി, പരസ്യമായി എഴുതിവെച്ചിട്ടുണ്ട് ! അന്ധമായി ‘വികസനം’ വേണ്ടയെന്നും പ്രകൃതിക്കും അവകാശം ഉണ്ടെന്നും പരിസ്ഥിതി പ്രവർത്തകർ മുറകൂട്ടിയ കാരണം ഒരു തരം അർദ്ധമനസ്സുള്ള സമവായം രൂപപ്പെടുന്നു. റാഞ്ചുകാരുടെ കടുംപിടിത്തം കാരണം അമേരിക്കൻ സെന്റർ ഫോർ ബിയോളോജിക്കൽ ദിവേഴ്സിറ്റി യിലെ ശാസ്ത്രഞ്ജർ negotiating table വിട്ടുപ്പോയി എന്നും എഴുതിയിട്ടുണ്ട്.

‘ദി ഫൈറ്റ് /ഫ്ലൈറ്റ്  ഓഫ് ദി കോണ്ടോർ’ എന്ന ഒരു ഡോക്യൂമെന്റരി ഉണ്ട്. കഴുകൻ വർഗ്ഗത്തിലെ ഈ ജനുസ്സിനു ജന്മ ഭൂമി ‘വികസനമില്ലാതെ’ വെറുതെ വിട്ടാൽ മാത്രമേ പുനർജീവനമുള്ളൂ…ലോകത്തിലെ തന്നെ ഏറ്റവും പ്രകൃതിവൈവിധ്യമുള്ള ‘Biodiversity സേഫ് zone’ ആയിട്ട് കുറച്ചു ഭൂമി ‘ആർത്തിക്കാർക്കു’ കൈമാറ്റം ചെയ്യാതിരിക്കാൻ റാഞ്ചുകാർ സമ്മതിച്ചു എന്നാണ് രേഖപ്പെടുത്തിയത്…ചോദിച്ചതിൽ നിന്നും വളരെ കുറച്ചു ഭൂമി മാത്രം ! അങ്ങനെ ‘ഇനിയും മരിക്കാത്ത ഭൂമി, നിന്റെ ആസന്ന മൃത്യവിന് ഇനിയെത്ര കാലം’ എന്ന കവിവാക്യം ഓർമ്മിപ്പിക്കുന്ന വിധത്തിലൊരു കഥ.

എല്ലാ നാട്ടിലേയും കഥകൾ ഒന്ന് തന്നെ : avarice vs balance

ജീവിച്ചുമുടിച്ചിടാനുള്ള ത്വരയും ‘ശാന്ത ശാന്തമെൻ നിശ്വാസത്തിൽ’ ലയത്തോടെ ഒഴുകാനുള്ള പ്രേരണയും. എല്ലായിടത്തും മനുഷ്യന്റെ അധമപ്രകൃതിയും മനുഷ്യന്റെ ഉന്നത ചിന്തകളുമായുള്ള ഏറ്റുമുട്ടൽ.
‘പണത്തിനു മേലിൽ പരുന്തും പറക്കില്ല’ എന്ന മട്ടിലാണ് ലോകമെവിടേയും കാര്യങ്ങൾ. Condor എന്ന കഴുകനും അതിനു കഴിഞ്ഞില്ല.

‘നിങ്ങൾ എങ്ങനെ പ്രകൃതിയെ കാക്കും?’ എന്നൊരു ചോദ്യവും ഉത്തരങ്ങൾ എഴുതാൻ അവസരവും ആ മ്യൂസിയം തന്നു.’Environmental politics അഥവാ പ്രകൃതി രാഷ്ട്രീയത്തെ പറ്റി കൂടുതൽ അറിവ് ഞാൻ നേടും !’ എഴുതിയിരിക്കുന്നത് പുതിയ തലമുറയിലെ ഒരു ഉശിരുള്ള കൈയെഴുത്തു തന്നെ.

അത് കണ്ടപ്പോൾ ഞാൻ നെടുവീർപ്പിട്ടു; വിജയലക്ഷ്മിയുടെ ‘വിൽപ്പത്രത്തിലെ’ വരിയോർത്തുപ്പോയി…
‘സ്വച്ഛമാം വെയിലിൻ തിളക്കമേ സ്വർണ്ണമാം സ്വത്തു നമുക്കെന്നതോർത്ത് ഉല്ലസിക്കാൻ,
ഒത്തിരിയാണ് കർമ്മങ്ങളെന്നാലും ഇത്തിരി നേരം കിനാവിന്നുമേകുവാൻ,
കെട്ട ചെരാതുപോലമ്മ പോയാലും, എൻ പുത്ര, മറക്കാതിരിക്ക,
ഇന്നെന്നപോൽ,  ദുഃഖങ്ങളിൽ നിത്യമോചനമേകുമീ സ്വപ്‌നങ്ങൾ
വിൽപ്പത്രമായി നൽകുന്നു ഞാൻ!’

**


മാർജിനിലിൽ കൊള്ളാത്തത് …

Fermat’s Theorem എല്ലാ കണക്കു/എഞ്ചിനീയറിംഗ് /ശാസ്ത്ര സാഹിത്യ കുതുകികൾക്കു പരിചയമുള്ള വിഷയമാണല്ലോ. കണക്കിന്റെ സൗന്ദര്യത്തെ പറ്റി പ്രകീർത്തിക്കുന്ന ഒരു പുസ്‌തകം കണക്കു/ഫിസിക്സ് ആരാധികയായ മകൾ അയച്ചു തന്നു. ‘ലവ് ആൻഡ് മാത്ത് ‘, എഴുതിയത് EDWARD VLADIMIROVICH FRENKEL എന്ന റഷ്യൻ -അമേരിക്കൻ ഗണിത ശാസ്ത്രജ്ഞൻ.
‘അമ്മാ, ഞാൻ പറഞ്ഞാൽ കേൾക്കില്ലല്ലോ! എന്റെ താത്പര്യം മനസ്സിലാക്കാൻ ഈ പുസ്‌തകം വായിക്കൂ! പ്രപഞ്ചത്തിന്റെ, ദൈവത്തിന്റെ ഭംഗി കണക്കിലാണ് അമ്മ!”

മൊബൈലിൽ മകളുടെ സുന്ദരമായ കണ്ണുകൾ കാണുമ്പോൾ എനിക്ക് അഷിതയുടെ വരികളാണ് ഓർമ്മ വരുക…പണ്ട് വായിച്ചതാണ്….മതവൈരാഗ്യം കൂടിയ ഒരു ദിവസത്തിന്റെ ബാക്ക്ഗ്രൗണ്ടിൽ എഴുതിയ കഥയിലെ ഒരു വരി ..
”അമ്മ ദൈവത്തെ കണ്ടിട്ടുണ്ടോ ?”
അവളുടെ കണ്ണുകൾ നോക്കി ഞാൻ പറഞ്ഞു : ” അമ്മ ദൈവത്തെ മാത്രമേ കാണുന്നുള്ളൂ…”

എന്തായാലും അവളുടെ നിർബന്ധത്താൽ ഞാനും വായിക്കാൻ തുടങ്ങി  ‘സ്നേഹവും കണക്കും.’ പരിഭാഷപ്പെടുത്താൻ പറ്റിയ പുസ്‌തകം ! കുടുംബം മൊത്തം കണക്കുപിള്ളമാർ നിറഞ്ഞിരിക്കുന്നതിനാൽ , റെഡി RECKONER തേടി ദൂരെ പോകണ്ട.

‘മാർജിനിലിൽ സ്ഥലമില്ലാത്തതിനാൽ എഴുതുന്നില്ല’ എന്ന് വിട്ട FERMAT THEOREM ഇന്റെ പ്രൂഫ് പത്തു മുന്നൂറാണ്ട് കഴിഞ്ഞു , ലോകമെമ്പാടുമുള്ള ഗണിത ശാസ്ത്രജ്ഞരുടെ വിയർപ്പിന്റെ അടിസ്ഥാനത്തിൽ, ഒടുവിൽ ANDREW WILES കണ്ടു പിടിച്ച കഥയും മറ്റും വായിച്ചു …

BETTI നമ്പറും, RIEMANNS surfaces, ഒക്കെ ഒരു സാധാരണ വായനക്കാരിയായി രസത്തോടെ വായിച്ചപ്പോൾ, പണ്ട് എഞ്ചിനീറിങ്ങ് ക്ലാസ്സിൽ ഒട്ടും താത്പര്യമില്ലാതെ കണക്കു ചെയ്ത സമയത്തെ കുറിച്ച് ചിന്തിച്ചു.
‘കണക്കിന്റെ സൗന്ദര്യം പഠിപ്പിക്കാൻ കഴിയുന്ന അദ്ധ്യാപകർ കൂടുതൽ ഉണ്ടായിരുന്നെങ്കിൽ!’

നമുക്ക് ജന്മനാ പഥ്യമായ ചില വഴികൾ കാണും …കലയോ, സാഹിത്യമോ, ചരിത്രമോ ഒക്കെ ആവാം..പക്ഷെ ലോകത്തിലെ പ്രശസ്തരായ പല ശാസ്ത്രജ്ഞരും സംഗീത സാഹിത്യ ലോകങ്ങളിൽ അഭിരുചി പുലർത്തുന്നവരാണ് എന്നത് എന്നെ ഇരുത്തി ചിന്തിപ്പിച്ചു!
‘Quarks’ എന്ന നാമകരണം ( ന്യൂട്രോണും പ്രോട്ടോണും മറ്റും ഉണ്ടാക്കുന്ന ബിൽഡിംഗ് ബ്ലോക്‌സ്) ചെയ്തത് Murray Gell-Mann , James Joyce ഇൻറെ – ‘Finnigan’s Wake’ വായിച്ചതിനു ശേഷമാണത്രെ!

Dr. Robert Langlands എന്ന ശാസ്ത്ര പ്രതിഭ (Grand unified mathematical theory ) ആറ്‌ ഭാഷകൾ സംസാരിക്കുന്നു. എല്ലാ ഭാഷകളിലും സാഹിത്യം വായിക്കുന്നു…
***

അമ്മൂമ്മയും കൊച്ചുമകളും വാശി വച്ചാണ് സംസ്‌കൃതം പഠിക്കുന്നത്. ആർക്കാണ് മാർക്ക് കൂടുതൽ എന്നാണ് ഇരുവരുടേയും നോട്ടം!

ശുദ്ധമായ ഹിന്ദി, മലയാളം , സംസ്‌കൃതം ഇതൊക്കെ കണക്കും ഭൗതിക ശാസ്ത്രവും പോലെ ഒരേ അന്തർധാരയിൽ നിന്നും പ്രവഹിക്കുന്നു…

**

‘ഉപദേശോ ഹി മൂർഖാണാം പ്രകോപായ ന ശാന്തയേ
പയഃ പാനം ഭുജംഗാനാം കേവലം വിഷ വർദ്ധനം.’

സുമംഗലയുടെ സുന്ദര പരിഭാഷയാണ് ; പഞ്ച തന്ത്രം…എന്റെ ബാല്യത്തെ കോപ്പി …
മിത്രഭേദത്തിലെ പതിനെട്ടാം കഥ …സൂചിമുഖിയും കുരങ്ങനും..
” മൂർഖന്മാരെ /വിഡ്ഢികളെ ഗുണദോഷിച്ചാൽ അവർക്ക് ദേഷ്യം കൂടുകയേയുള്ളൂ..പാമ്പുകൾക്ക് പാൽ കൊടുത്താൽ വിഷം വർദ്ധിക്കുമല്ലോ!’

**
ശാസ്ത്രവും, കണക്കും, കഥയും, കവിതയും മനുഷ്യ രാശിയുടെ പൊതു സമ്പത്താണല്ലോ. ലോകമെമ്പാടും ജാതി മത ഭാഷ, ഭേദമന്യേ , ആൺപെൺ ഭേദമന്യേ , മനുഷ്യന് വേണ്ടി ഉണർന്നിരിക്കുന്ന നിധി തിളക്കം! പ്രപഞ്ചത്തിൽ , ഒരു ചെറിയ , പൊടി മാതിരി ഉള്ള ഈ ഭൂമിയിൽ , അഹങ്കാരം കാരണം അലറി വിളിക്കുന്ന മനുഷ്യരോട് പറയാം , “ഒരു നിമിഷം , ഇതാ കുറച്ചു കണക്കും , ശാസ്ത്രവും , ഭാഷയും പഠിച്ചാലും…പല ദേശങ്ങളിലെ, പല കാലങ്ങളിലെ, നല്ല മനുഷ്യർ ഉണ്ടാക്കി വെച്ച നന്മയാണ് …ഇത് വല്ലപ്പോഴും ശ്രദ്ധിച്ചാൽ ഗർവ് കുറഞ്ഞു കിട്ടും…കണ്ണ് തുറക്കും…”.

എങ്കിലും കേൾക്കുന്നവൻ മൂർഖനായാൽ ?

***