മാർജിനിലിൽ കൊള്ളാത്തത് …

Fermat’s Theorem എല്ലാ കണക്കു/എഞ്ചിനീയറിംഗ് /ശാസ്ത്ര സാഹിത്യ കുതുകികൾക്കു പരിചയമുള്ള വിഷയമാണല്ലോ. കണക്കിന്റെ സൗന്ദര്യത്തെ പറ്റി പ്രകീർത്തിക്കുന്ന ഒരു പുസ്‌തകം കണക്കു/ഫിസിക്സ് ആരാധികയായ മകൾ അയച്ചു തന്നു. ‘ലവ് ആൻഡ് മാത്ത് ‘, എഴുതിയത് EDWARD VLADIMIROVICH FRENKEL എന്ന റഷ്യൻ -അമേരിക്കൻ ഗണിത ശാസ്ത്രജ്ഞൻ.
‘അമ്മാ, ഞാൻ പറഞ്ഞാൽ കേൾക്കില്ലല്ലോ! എന്റെ താത്പര്യം മനസ്സിലാക്കാൻ ഈ പുസ്‌തകം വായിക്കൂ! പ്രപഞ്ചത്തിന്റെ, ദൈവത്തിന്റെ ഭംഗി കണക്കിലാണ് അമ്മ!”

മൊബൈലിൽ മകളുടെ സുന്ദരമായ കണ്ണുകൾ കാണുമ്പോൾ എനിക്ക് അഷിതയുടെ വരികളാണ് ഓർമ്മ വരുക…പണ്ട് വായിച്ചതാണ്….മതവൈരാഗ്യം കൂടിയ ഒരു ദിവസത്തിന്റെ ബാക്ക്ഗ്രൗണ്ടിൽ എഴുതിയ കഥയിലെ ഒരു വരി ..
”അമ്മ ദൈവത്തെ കണ്ടിട്ടുണ്ടോ ?”
അവളുടെ കണ്ണുകൾ നോക്കി ഞാൻ പറഞ്ഞു : ” അമ്മ ദൈവത്തെ മാത്രമേ കാണുന്നുള്ളൂ…”

എന്തായാലും അവളുടെ നിർബന്ധത്താൽ ഞാനും വായിക്കാൻ തുടങ്ങി  ‘സ്നേഹവും കണക്കും.’ പരിഭാഷപ്പെടുത്താൻ പറ്റിയ പുസ്‌തകം ! കുടുംബം മൊത്തം കണക്കുപിള്ളമാർ നിറഞ്ഞിരിക്കുന്നതിനാൽ , റെഡി RECKONER തേടി ദൂരെ പോകണ്ട.

‘മാർജിനിലിൽ സ്ഥലമില്ലാത്തതിനാൽ എഴുതുന്നില്ല’ എന്ന് വിട്ട FERMAT THEOREM ഇന്റെ പ്രൂഫ് പത്തു മുന്നൂറാണ്ട് കഴിഞ്ഞു , ലോകമെമ്പാടുമുള്ള ഗണിത ശാസ്ത്രജ്ഞരുടെ വിയർപ്പിന്റെ അടിസ്ഥാനത്തിൽ, ഒടുവിൽ ANDREW WILES കണ്ടു പിടിച്ച കഥയും മറ്റും വായിച്ചു …

BETTI നമ്പറും, RIEMANNS surfaces, ഒക്കെ ഒരു സാധാരണ വായനക്കാരിയായി രസത്തോടെ വായിച്ചപ്പോൾ, പണ്ട് എഞ്ചിനീറിങ്ങ് ക്ലാസ്സിൽ ഒട്ടും താത്പര്യമില്ലാതെ കണക്കു ചെയ്ത സമയത്തെ കുറിച്ച് ചിന്തിച്ചു.
‘കണക്കിന്റെ സൗന്ദര്യം പഠിപ്പിക്കാൻ കഴിയുന്ന അദ്ധ്യാപകർ കൂടുതൽ ഉണ്ടായിരുന്നെങ്കിൽ!’

നമുക്ക് ജന്മനാ പഥ്യമായ ചില വഴികൾ കാണും …കലയോ, സാഹിത്യമോ, ചരിത്രമോ ഒക്കെ ആവാം..പക്ഷെ ലോകത്തിലെ പ്രശസ്തരായ പല ശാസ്ത്രജ്ഞരും സംഗീത സാഹിത്യ ലോകങ്ങളിൽ അഭിരുചി പുലർത്തുന്നവരാണ് എന്നത് എന്നെ ഇരുത്തി ചിന്തിപ്പിച്ചു!
‘Quarks’ എന്ന നാമകരണം ( ന്യൂട്രോണും പ്രോട്ടോണും മറ്റും ഉണ്ടാക്കുന്ന ബിൽഡിംഗ് ബ്ലോക്‌സ്) ചെയ്തത് Murray Gell-Mann , James Joyce ഇൻറെ – ‘Finnigan’s Wake’ വായിച്ചതിനു ശേഷമാണത്രെ!

Dr. Robert Langlands എന്ന ശാസ്ത്ര പ്രതിഭ (Grand unified mathematical theory ) ആറ്‌ ഭാഷകൾ സംസാരിക്കുന്നു. എല്ലാ ഭാഷകളിലും സാഹിത്യം വായിക്കുന്നു…
***

അമ്മൂമ്മയും കൊച്ചുമകളും വാശി വച്ചാണ് സംസ്‌കൃതം പഠിക്കുന്നത്. ആർക്കാണ് മാർക്ക് കൂടുതൽ എന്നാണ് ഇരുവരുടേയും നോട്ടം!

ശുദ്ധമായ ഹിന്ദി, മലയാളം , സംസ്‌കൃതം ഇതൊക്കെ കണക്കും ഭൗതിക ശാസ്ത്രവും പോലെ ഒരേ അന്തർധാരയിൽ നിന്നും പ്രവഹിക്കുന്നു…

**

‘ഉപദേശോ ഹി മൂർഖാണാം പ്രകോപായ ന ശാന്തയേ
പയഃ പാനം ഭുജംഗാനാം കേവലം വിഷ വർദ്ധനം.’

സുമംഗലയുടെ സുന്ദര പരിഭാഷയാണ് ; പഞ്ച തന്ത്രം…എന്റെ ബാല്യത്തെ കോപ്പി …
മിത്രഭേദത്തിലെ പതിനെട്ടാം കഥ …സൂചിമുഖിയും കുരങ്ങനും..
” മൂർഖന്മാരെ /വിഡ്ഢികളെ ഗുണദോഷിച്ചാൽ അവർക്ക് ദേഷ്യം കൂടുകയേയുള്ളൂ..പാമ്പുകൾക്ക് പാൽ കൊടുത്താൽ വിഷം വർദ്ധിക്കുമല്ലോ!’

**
ശാസ്ത്രവും, കണക്കും, കഥയും, കവിതയും മനുഷ്യ രാശിയുടെ പൊതു സമ്പത്താണല്ലോ. ലോകമെമ്പാടും ജാതി മത ഭാഷ, ഭേദമന്യേ , ആൺപെൺ ഭേദമന്യേ , മനുഷ്യന് വേണ്ടി ഉണർന്നിരിക്കുന്ന നിധി തിളക്കം! പ്രപഞ്ചത്തിൽ , ഒരു ചെറിയ , പൊടി മാതിരി ഉള്ള ഈ ഭൂമിയിൽ , അഹങ്കാരം കാരണം അലറി വിളിക്കുന്ന മനുഷ്യരോട് പറയാം , “ഒരു നിമിഷം , ഇതാ കുറച്ചു കണക്കും , ശാസ്ത്രവും , ഭാഷയും പഠിച്ചാലും…പല ദേശങ്ങളിലെ, പല കാലങ്ങളിലെ, നല്ല മനുഷ്യർ ഉണ്ടാക്കി വെച്ച നന്മയാണ് …ഇത് വല്ലപ്പോഴും ശ്രദ്ധിച്ചാൽ ഗർവ് കുറഞ്ഞു കിട്ടും…കണ്ണ് തുറക്കും…”.

എങ്കിലും കേൾക്കുന്നവൻ മൂർഖനായാൽ ?

***