Ruminations

Are we grateful enough for whatever life we have been blessed with? Often, when troubles seem to be overwhelming, we end up afraid of the ‘monster inside the head’ which looms larger than life. The clouds seem darker, the whole world shrinks to a single pint of pain and we sink easily. Two incidents have perturbed me in the recent past. News about the suicides of two brilliant girls, leaving devastations in their wake. Both were adored children of their respective set of parents. Excellent academically, loved by everyone, no indication of any trauma. Just one unimaginable phone-call.

Shaking in grief, I ended up speaking to my own daughters about the deepest fears of parents. It does not matter what the trouble is, we are there for you. Nothing matters, more than your smiles. Stay happy and healthy. We shall overcome together. Realize that our lives are your safety nets and we shall love you unconditionally. It is true, parents tend to be harsh when it comes to discipline at times. But limits are drawn for your own good, mostly. I write mostly, because parents are fallible creatures too. We make our decisions based on whatever experiences we have garnered in our lives. But whether it is Iceland or Australia, irrespective of the language we speak, the colour of our skins, the god we believe in, there is a common factor which binds us together. You : the children. You matter.

Maybe we are at fault, trying to protect you always from life and its troubles. Tribulations strengthen the spiritual muscles. Even the protection is triggered by not wanting you to get hurt. My mother still prays ( and I tell her it is wrong) ‘Give the sickness of my children to me.’ I tell her, ‘Amma, pray that all stay healthy, including you.’ But now, as the journey moves close to autumn, I find myself contemplating about her attitude. And I can see why she prays like that. What she is saying in truth: ‘Let the pain be mine, not theirs. Let the cross be mine, give them the crown.’ That is the way of love, usually.

For any child thinking of ending it all, please stop for a moment. Pick that phone. Reach out. The monster in the head is imaginary. Your parents are not supporting the monsters. They care for your life. Just hold on and call them. We shall overcome together. As always.


യാതൊന്നു ചെയ്‌വതതു നാരായണാർച്ചനകൾ …

‘ അമ്മേ, നല്ല മീൻ കിട്ടി, മസാലയുണ്ട്; ഒരു ഉള്ളിയും, ഒരു തക്കാളിയും. മീൻ കറി വയ്ക്കാൻ പറഞ്ഞു തരുമോ?’ ഗണിതമാണ് അവളുടെ വിഷയവും , ഉത്സാഹവും, ഉൾപ്രേരണയും. ആഹാര നിർമ്മിതി പഠിച്ചു തുടങ്ങിയതേയുള്ളൂ. കൂട്ടാൻ ഉണ്ടാക്കാൻ സുഹൃത്തും കൂടുന്നു. അറ്റകൈക്ക്‌, തണുത്തുറഞ്ഞ റോഡിൽ കൂടി അടുത്തുള്ള സ്റ്റോറിൽ പറഞ്ഞു വിട്ടു കുറച്ചു തേങ്ങാ പൌഡർ സംഘടിപ്പിക്കാം, കറിവേപ്പിലയും.

‘മക്കളെ, കൈപ്പുണ്യം എന്ന് വെച്ചാൽ, നല്ല സ്നേഹം മനസ്സിൽ നിറച്ചിട്ടു, ഭഗവാനെ ഞാൻ അന്നം ഉണ്ടാക്കാൻ പോകുന്നു, കൂടെ നിൽക്കണം കേട്ടോ, എന്ന് പ്രാർത്ഥിച്ചു കൊണ്ട്, വളരെ സാവധാനത്തിൽ, ലാളിത്യത്തോടെ ആഹാരം ഉണ്ടാക്കണം,’ ‘അമ്മ ഉപദേശിച്ചു.

‘ പരീക്ഷയ്ക്ക് മാത്രമല്ല, മീൻ കറി വെയ്ക്കുമ്പോഴും ഭഗവാനെ വിളിക്കാമോ?’ അവൾ ചിരിച്ചു.😊

‘ എന്തായാലും, മഞ്ഞളും, മല്ലിയും, മുളകും പുരട്ടി, തക്കാളിയും, നാരങ്ങാ നീരും ഉപയോഗിച്ച്, ഉള്ളി, എണ്ണ തുടങ്ങിയ സഹപ്രവർത്തകരെ കൂടെ ഉപയോഗിച്ച് ഒരു നല്ല ‘ടീം വർക്ക്’ ഞാൻ പറഞ്ഞു കൊടുത്തു. ‘ ‘കൈയിൽ ഉള്ള സാധനങ്ങൾ കൊണ്ട് പണ്ട് വലലനായ ഭീമൻ, അജ്ഞാത വാസക്കാലത്തു അവിയൽ വെച്ചത് പോലെ’, എന്നൊരു മേമ്പൊടിയും ചേർത്ത് കൊടുത്തു.

രാവിലെ എണീറ്റപ്പോൾ, ഒരു മെസ്സേജ് : ‘നല്ല ഒന്നാന്തരം മീൻ കറി ഉണ്ടാക്കി.’

കണക്കിനും, പാചകത്തിനുമുള്ള അടിസ്ഥാനം ലാളിത്യമാണ് എന്ന് ഞാൻ തിരിച്ചു മെസ്സേജ് അയച്ചു.
**

‘തണുപ്പാണ്, സ്വെയ്റ്റർ ഇട് എന്റെ കുഞ്ഞേ !’
‘എനിക്ക് ചൂടെടുക്കുന്നൂ !’
‘ അയ്യോടി! നാട് മുഴുവൻ വിറച്ചു വിറങ്ങലിച്ചു ഇരിക്കുമ്പോഴോ?’
‘ എനിക്ക് തണുക്കുന്നില്ല.’
അടുത്ത ദിവസം, യങ് റെബെല്ലിസ് ടീനേജർക്കു നല്ല പനി. രണ്ടു സ്വെയ്റ്റർ ഇട്ടിട്ടും ‘ തണുക്കുന്നു’ എന്ന് ചിണുങ്ങിയപ്പോൾ, ഞാൻ പറഞ്ഞു ‘തണുപ്പിന് അഹങ്കാരികളെ തീരെ ഇഷ്ടമില്ല. തുണിയുണ്ടായിട്ടു ഉടുക്കാതിരിക്കുന്നത്, ആഹാരം കഴിക്കാൻ ഉണ്ടായിട്ടു ഭക്ഷിക്കാതെ ഇരിക്കുന്നത്…ഇതൊക്കെ അഹന്തയുടെ ലക്ഷണങ്ങളാണ്. അവിടെ ‘ ഓൾഡ് ഫാഷൻഡ്‌ ‘ ഒരു അമ്മയെ ഉളളൂ – പ്രകൃതി. അവർക്കാണെങ്കിൽ സന്തുലനം വളരെ ആവശ്യമായ കാര്യമാണ് താനും.

‘ എടി, ഞാൻ മീൻ കറി ഉണ്ടാക്കി. നിനക്കെന്താ പനി പിടിച്ചോ? കഷ്ടം, അമ്മ പറഞ്ഞിട്ടും സ്വെയ്റ്റർ ഇട്ടില്ല അല്ലെ?’ ചേച്ചി കളിയാക്കിയപ്പോൾ, അനിയത്തി പൂച്ചകുട്ടി മുരണ്ടു , ‘മീൻ കറി edible ആയിരുന്നോ?’
‘ പണ്ടേ അവൾക്കു നല്ല ബഹുമാനമാണ്’, എന്ന് സിനിമ സ്റ്റൈലിൽ ചിരിച്ചു കൊണ്ട് ചേച്ചി അതിനെ കൌണ്ടർ
ചെയ്തു.

അപ്പോൾ ഞാൻ ഭഗവാനെ വീണ്ടും വിളിച്ചു . പഠിക്കാനും, ഭക്ഷണം ഉണ്ടാക്കാനും നേരത്തു മാത്രമല്ല, വെറുതെ ഇരിക്കുമ്പോഴും അദ്ദേഹം വാതിൽ അടയ്ക്കാറില്ലല്ലോ.
‘ കുഞ്ഞുങ്ങൾക്ക് ആയുസ്സും ആരോഗ്യവും നൽകി കൊണ്ടിരിക്കുന്ന , ആവശ്യത്തിന് ഭക്ഷണവും ഉടുപ്പും നൽകുന്ന , സ്നേഹം വാരിക്കോരി വിളമ്പുന്ന , ജീവിതത്തിൽ എല്ലാം എല്ലാം തന്നു കൊണ്ടിരിക്കുന്ന, സ്നേഹസ്വരൂപ, ഇതൊക്കെ ധാരാളം. ഇത് തന്നെ അമൃത്. നിറഞ്ഞു വിളയാടിയാലും ഞങ്ങളുടെ ഉള്ളുകളിൽ.’

യാതൊന്നു കാൺമതതു നാരായണ പ്രതിമ
യാതൊന്നു കേൾപ്പതതു നാരായണ സ്തുതികൾ
യാതൊന്നു ചെയ്തവതതു നാരായണാർച്ചനകൾ
യാതൊന്നതൊക്കെ ഹരി നാരായണായ നമഃ

നല്ല പുതു വർഷം ഏവർക്കും ഉണ്ടാകട്ടെ.

**


തണുപ്പിക്കുന്ന സ്പർശങ്ങൾ

പൊള്ളുന്ന യാഥാർഥ്യങ്ങളാണ് ചുറ്റിലും. ഓടിയാൽ രക്ഷപ്പെടില്ല. ഒരത്താണിയും ദൃഷ്ടിയിൽ പെടുന്നില്ല. ദിവസങ്ങൾ, മാസങ്ങൾ, വർഷങ്ങൾ…കുട്ടികാലത്തെ ആ ജീവിതത്തോടുള്ള അഭിനിവേശമെവിടെ? ഭഗവാനേ, ജീവിതം എത്ര കാഠിന്യമേറിയ പരീക്ഷണമാണ്! വീണു കിട്ടുന്ന ചില നിമിഷങ്ങളാണ് മനസ്സിന് ശക്തി നൽകുന്നത്. അത്തരം നിമിഷങ്ങൾ വർദ്ധിപ്പിക്കാൻ മാർഗ്ഗമെന്താണ്?

‘അമ്മേ, ഇത് വായിച്ചു നോക്ക്. ഞാൻ സ്കൂളിൽ വച്ച് വായിച്ചു തീർത്തതാണ്. ഇപ്പോൾ ഇതിന്റെ മൂന്നാം ഭാഗമിറങ്ങി. ഞാൻ വായിച്ചു.’ മകളുടെ ഉപദേശം സ്വീകരിച്ചു. അപ്പോൾ, സ്കൂൾ കുട്ടിയുടെ ഒന്നാം ഭാഗത്തിലെ പുസ്തകം ഞാനും വായിച്ചു നോക്കി. വീണ്ടും കുട്ടിയാകുന്നത് പോലെ. നഷ്ടപ്പെട്ടെന്ന് കരുതിയ മാന്ത്രിക ലോകങ്ങൾ തിരിച്ചെത്തിയത് പോലെ! കോർണേലിയ ഫ്യൂങ്കെ എന്ന ജർമൻ എഴുത്തുകാരിയുടെ എഴുത്തും, വരയും, ഏതോ ലോകത്തിൽ എത്തിച്ചു. ഈ ലോകത്തിൽ ഞാൻ എന്റെ കുട്ടികാലം ചിലവാക്കിയതാണ്. വളർന്നപ്പോൾ സ്വയം നിഷിദ്ധമാക്കിയ ഭാവനയുടെ ലോകം.

വായിക്കുന്നത് വേറെ ലോകകങ്ങളെ കുറിച്ചായപ്പോൾ, മഴവില്ലിന്റെ മാന്ത്രികതയുള്ള ഈ നിഷ്കളങ്ക ലോകം എനിക്ക് പ്രാപ്യമല്ലാതായി. പൂട്ടിട്ടതും, താക്കോൽ വലിച്ചെറിഞ്ഞതും ഞാൻ തന്നെ ആയിരുന്നു.

‘വായിക്കാൻ ഈ അലമാരിയിൽ, ഇതാ ധാരാളം പുസ്തകങ്ങൾ. അമ്മ സ്ഥിരം വായിക്കുന്ന രീതികൾ വിടൂ…’ യൂണിവേഴ്സിറ്റിക്കാരിയാണ് പറയുന്നത്. ഗണിതത്തിന്റെ അഗാധ തലങ്ങൾ വായിച്ചു രസിക്കുന്നവളാണ്, ബാല്യ സാഹിത്യത്തിലെ ലോക ക്ലാസ്സി ക്കുകൾ ഇപ്പോഴും തേടിപ്പിടിച്ചു വായിക്കുന്നത്. കുഞ്ഞുങ്ങൾ നമ്മുടെ അധ്യാപകരെന്നതു സത്യം തന്നെ.
‘ ‘അമ്മ എന്തിനാണ് സ്വയം അതിരുകൾ സൃഷ്ടിക്കുന്നത്? ഈ പ്രായത്തിൽ ഇതേ വായിക്കാവൂ എന്ന് നിയമമുണ്ടോ? കോർണേലിയ ഫ്യൂങ്കിന്റെ ലോകം ആർക്കും വായിക്കാം..അമ്മയ്ക്കും. ഇങ്ക് ഹാർട്ട്, ഇങ്ക് സ്പെൽ, ഇങ്ക് ഡെത്ത് , ഡ്രാഗൺ റൈഡർ…അവരുടെ സ്കെച്ചസിലാണ് മാജിക്! എന്ജോയ്!’

അങ്ങനെ ഞാൻ താക്കോൽ തപ്പിയെടുത്തു : നിറങ്ങളുടെ, വരകളുടെ, സുഗന്ധങ്ങളുടെ…ആദ്യമായി നടക്കുന്ന കുട്ടിയെപ്പോലെ, തപ്പിത്തപ്പി ആ വാതിൽ തുറന്നു…സുമംഗലയുടെ ‘മിഠായി പ്പൊതി’ ആദ്യമായി കൈയിൽ കിട്ടിയത് ഓർമ്മ വന്നു.

ചിരികളും, കുറുമ്പുകളും തിരികെ കിട്ടിയത് പോലെ…നാമെത്ര ലോകങ്ങൾക്കു സ്വയം പിന്തിരിഞ്ഞു നമ്മെ തന്നെ മറക്കുന്നു…ജീവിക്കാനുള്ള തത്രപ്പാടിൽ ജീവിതം തന്നെ ഹോമിക്കുന്നു…
നീല നിറമുള്ള മുടി മാടി, സ്വന്തം ലോകങ്ങൾ തീർക്കുന്ന സുന്ദരിയോട് ഞാൻ പറഞ്ഞു …’ വല്ലതും നല്ലവണ്ണം കഴിക്കണം….ബൈ ദി വേ, ഞാൻ കോർണേലിയ ഫ്യൂങ്കെ വായിച്ചു തുടങ്ങി…’.
.

‘നന്നായി… വേറെ എന്റെ പ്രിയപ്പെട്ട ബുക്കുകൾ ധാരാളം… അമ്മയുടെ ഭാഷയിൽ സീരിയസ് ബുക്ക്സ്… ഓൾ ദി ലൈറ്റ് യു കാന്നോറ്റ് സീ, ബുക്ക് തീഫ് …ഞാൻ എന്റെ കളക്ഷൻ ഷെയർ ചെയ്യാം’.

രണ്ടു വയസ്സുകാരി, കൈയ്യിൽ ‘ആട്ടിൻ കാട്ടം’ എന്ന് ഞങ്ങൾ കളിയാക്കിയിരുന്ന കുറ്റി പെൻസിലും പിടിച്ചു പിച്ച വെച്ചു നടന്ന സമയം ഓർമ്മയിൽ ഓടിയെത്തി.

എന്റെ കുട്ടി ഇപ്പോൾ എനിക്കു വഴി കാണിക്കുന്നു…അതാണല്ലോ എന്റെ ജീവിത ധർമ്മവും, സാഫല്യവും.


ഭക്ഷ്യവസ്തുക്കളും അനുബന്ധ സംഭാഷണങ്ങളും

‘നീ എന്താണ് കഴിച്ചത്?’

ചോദ്യം കേട്ട് മകൾ സുന്ദരങ്ങളായ കണ്ണുകൾ ഉരുട്ടി …
അതിന്റെ വ്യംഗ്യ ഭാഷ: ‘യ്യ്യോ , പിന്നെയും തുടങ്ങി അമ്മ!’
‘അത് പിന്നെ പച്ചക്കറി പുഴുങ്ങി കഴിച്ചു ,’ അവൾ പറഞ്ഞു, ഒരു ചിരിയോടെ .
‘മുയൽവർഗ്ഗത്തിൽ ജനിച്ചതല്ലല്ലോ അല്ലേ ?’
‘ഈ അമ്മേടെ ഒരു കാര്യം ! ആവശ്യത്തിന് കഴിച്ചു.’
‘എനിക്കും ബോധ്യമാവണ്ടേ ?’
‘വേണം.’
ഒരു ചിരി കൂടി.

‘ മനുഷ്യൻ തിന്നുന്ന വല്ലതും ഈയിടെ തിന്നോ?’

‘കൂട്ടുകാർക്കൊപ്പം ഇന്നലെ നന്നായി ആഹാരം കഴിച്ചു.’
‘നിനക്കു മുട്ട പുഴുങ്ങി കഴിക്കരുതോ, എന്റെ കുഞ്ഞേ ? വല്ലതും വയറു നിറച്ചു ഭക്ഷിക്കാതെ എന്തൊരു പഠിത്തം?’
‘കഴിച്ചോളാമേ! ഇനി ടോപ്പിക്ക് വിടാമോ ? പിന്നെ അമ്മ, സെമിനാർ വിശേഷം…’
‘നാളെയും ഞാൻ ചോദിക്കും ഇതേ ചോദ്യം. അതുകൊണ്ടു എന്റെ പൊന്നു മോൾ തയാറെടുത്തോ…’
‘Ruthless , eh അമ്മാ?”
‘സംശയമെന്താ ? ഇപ്പോഴാണോ അറിയുന്നത്. നിങ്ങടെ കാര്യത്തിൽ വെരി ruthless …’
**

അമ്മയെ ഫോണിൽ വിളിച്ചു.
‘അച്ഛൻ ആഹാരമൊക്കെ കഴിക്കുന്നോ?’
‘പ്രായത്തിന്റെ ക്ഷീണം ഉണ്ട്.’
‘നീ എന്ത് കഴിച്ചു ?’ മറു ചോദ്യം.
‘എന്റെ അമ്മാ , ഞാൻ കഴിച്ചു, അമ്മ വല്ലതും കഴിച്ചോ?’
‘ ഞാൻ എന്റെ കാര്യം നോക്കിക്കോളാം. നീ ഈ ഓട്ടത്തിനിടയിൽ വല്ലതും നേരെ ചൊവ്വേ കഴിക്കാൻ നോക്കണം മോളേ ….’
‘ഇതിപ്പം പണ്ടാരാണ്ടു പറഞ്ഞത് പോലെ …’

( കൊച്ചു നാളിൽ ”പണ്ടാരാണ്ടു ‘ എന്നത് ഏതോ വിശേഷപ്പെട്ട വിദഗ്ദ്ധനാണെന്നു ഞാൻ കരുതിപ്പോന്നു.)


കൊച്ചു മകൾ എന്നോട് , ‘അതേ , ചേച്ചിയോടും, അമ്മൂമ്മയോടുമൊക്കെ ചോദിച്ചല്ലോ അല്ലേ ? എന്നോട് മാത്രം ചോദിക്കണ്ടേ ?’
‘എന്തിനാടി ചോദിക്കുന്നത്? നീ ആഹാരം കഴിക്കുന്നത് ഞാൻ കണ്ടതാണല്ലോ !’
‘ആഹാ , ഇത്തരം partiality പാടില്ല. ഞാൻ സമയത്തിന് ആഹാരം കഴിക്കും എന്നും വെച്ചു, എന്നോട് യാതൊരു കംപാഷനും കാണിക്കുന്നില്ലല്ലോ!’
‘ഇല്ല, തീരെയില്ല. എന്നോട് വേണം നിന്റെ കംപാഷൻ. വിളമ്പി തരുന്നില്ലയോ ?’
‘ഈ അമ്മേടെ കാര്യം ! ശ്ശെ !”


വാൽകഷ്ണം : സമയത്തിനും കാലത്തിനും ആഹാരം കൊടുക്കുന്നവർക്കും, കഴിക്കുന്നവർക്കും വേണ്ടി ഒരു പ്രാർത്ഥന. നിറവോടെ കഴിക്കുക.


തിരുവോണത്തിന് നിനക്ക് വേണ്ടി

ഈ തിരുവോണം മകൾക്ക് സ്വപ്ന സാക്ഷാത്കാരം കൂടിയാണ്. അവളുടെ ജന്മദിവസം അന്നാണ്. അതോടൊപ്പം ആഗ്രഹിച്ച വിഷയത്തിൽ ഡോക്ടറേറ്റ് വിദ്യാർത്ഥിനിയായി ആദ്യത്തെ ക്ലാസ്സ് തുടങ്ങുന്ന ദിവസം. കൂടാതെ , യൂണിവേഴ്സിറ്റിയുടെ ടീച്ചിങ് അസ്സിസ്റ്റണ്ട്ഷിപ്പിന്റെ ഭാഗമായി, സ്വയം അദ്ധ്യാപികയായി , പുതിയ വിദ്യാർത്ഥികൾക്ക്‌ ഗണിതം പഠിപ്പിക്കുന്ന ആദ്യ ദിനം !

അവൾക്കു നല്കാൻ എന്റെ കൈയ്യിൽ പാലട പായസമോ, പഴമോ ഇല്ല. ഉള്ളത് ചില ഓർമ്മപ്പെടുത്തലുകൾ മാത്രമാണ്.

നീ ലോകത്തിന്റെ ഏതു ഭാഗത്തു ജീവിച്ചാലും , ആത്മാഭിമാനത്തോടെ ജീവിക്കുക.

ഓണം ആത്മാഭിമാനത്തിന്റെ കഥ കൂടിയാണ്. ‘മൂന്നടി അളന്നോളൂ’ എന്ന തന്റെ ‘കൊടുത്ത വാക്ക് ‘ തിരിച്ചെടുക്കാത്ത നല്ല രാജാവിന്റെ കഥ.

നാം ഒരു ലക്‌ഷ്യം മുന്നിൽ കാണുമ്പോൾ, പിന്നെ ഒന്നിനും മുന്നിൽ പരാജയപ്പെടാൻ പാടില്ല. ജീവിതത്തിൽ ബുദ്ധിമുട്ടുകൾ ധാരാളവും സാധാരണവുമാണ്. പക്ഷെ മനുഷ്യ മനസ്സിന്റെ ‘വിൽ പവർ ‘ അഥവാ ‘തീരുമാന ശക്തിയുടെ’ മുന്നിൽ ഇവയൊക്കെ നിഷ്‌ഫലങ്ങളാണ്. നമ്മുടെ വിജയം ആഘോഷിക്കാൻ പലരും കാണും, പക്ഷെ കഠിനാദ്ധ്വാനത്തിന്റെ ഘട്ടങ്ങളെ മനസ്സിലാക്കുന്നവർ വളരെ കുറച്ചേ കാണൂ. ഊണും ഉറക്കവും ഉപേക്ഷിച്ചു പഠിക്കുക എന്നൊക്കെ പറയാൻ രസമാണ്. പ്രവർത്തികമാക്കുന്നവരോട് ചോദിക്കണം, അവർ പറയും, അവരുടെ ക്ലേശങ്ങളെ പറ്റി. അതിനാൽ , പഠിച്ചു മിടുക്കിയാവുക. കഠിനാധ്വാനം ചെയ്യുക. പ്രസന്നവതിയായി ജീവിക്കുക.

എന്റെ മകൾ കൊടുത്തു ശീലിക്കുക.

അറിവായാലും, ധനമായാലും, വസ്ത്രമായാലും, കാരുണ്യമായാലും കൊടുക്കുന്നവനു മാത്രമേ നിറവുള്ളൂ. മഹാബലി ചക്രവർത്തി ‘മഹാനായത്’ വാങ്ങിയിട്ടല്ല, കൊടുത്തിട്ടാണ്. ഹൃദയവിശാലത മാധുര്യമേറെയുള്ള ഗുണമാണ്. ഒന്നും കൂട്ടിവയ്ക്കാതെ, നൽകി ശീലിക്കണം. അപ്പോൾ അനിർഗ്ഗളമായ സ്നേഹത്തിന്റെ ഒഴുക്കിൽ ഈശ്വരൻ കൂടുതൽ തന്നു കൊണ്ടേയിരിക്കും.

വിനയത്തോടെ നിലനിൽക്കുക.

രണ്ടു കാൽ വയ്ച്ചിട്ടു ‘മൂന്നാമത്തെ അടി എവിടെ വയ്ക്കും’ എന്ന് ചോദിച്ച വാമനനോട്, ‘ ഇവിടെ’ എന്ന് പറഞ്ഞു ശിരസ്സ് താഴ്ത്തിയ മഹാരാജാവാണു തിരുവോണത്തിന് തിരിച്ചു വരുന്നത്.

എത്ര നേട്ടങ്ങൾ ഉണ്ടായാലും, വിനയത്തോടെ ജീവിക്കുക. ഏറ്റവും പ്രശസ്തരായ ചില ഭിഷഗ്വരന്മാർ ‘അവിടുന്ന് എന്നിലൂടെ പ്രവർത്തിച്ചു’ എന്ന് പറയുന്ന പോലെയാവാം. ‘ഞാൻ , ഞാൻ’ എന്ന് അട്ടഹസിക്കുന്ന ലോകത്തിൽ, ‘ഞാനല്ല’ എന്ന് പറയുന്നതാണ് സൗമനസ്യം, വിനയം. അതെന്റെ കുട്ടിക്ക് ഉണ്ടാകട്ടെ. ‘താഴ്ന്ന നിലത്തെ നീരോടൂ, അവിടെ ദൈവം കുടികൊള്ളൂ’ എന്നും ഒരു ചൊല്ലുണ്ട്. കായ്‌ഫലമുള്ള വൃക്ഷങ്ങൾ കുനിഞ്ഞു നിൽക്കുന്നു എന്നതും ഓർക്കുക.

കള്ളവും ചതിയും തിരിച്ചറിഞ്ഞു ജീവിക്കുക.

‘കള്ളവുമില്ല, ചതിയുമില്ല, എള്ളോളമില്ല പൊളിവചനം …’ പക്ഷെ ഇന്ന് നാം ജീവിക്കുന്ന ലോകത്തിന്റെ ഭരണകർത്താവ് മാവേലിയല്ല. ഇവിടെ ജാഗ്രതയോടെ വേണം ജീവിക്കാൻ. കാപട്യങ്ങളുടെ സുന്ദര, സ്നേഹ രൂപങ്ങൾ പ്രലോഭനങ്ങളുമായി വന്നുകൊണ്ടേയിരിക്കും. അവർക്ക് പല ലക്ഷ്യങ്ങളുണ്ടാവും. നല്ലതും ചീത്തയും ഉൾക്കണ്ണിലൂടെ കണ്ടറിഞ്ഞു തീരുമാനങ്ങൾ എടുക്കുക. ലോകത്തെ ഏതു കോണിലും വിലയുള്ള ഒരു തിരിച്ചറിവാണത്.

‘എന്നും ഓണം പോലെ’ കൊണ്ടാടണം.

ഒരു ദിവസത്തിനും മറ്റൊരു ദിവസത്തിനും തമ്മിൽ വ്യത്യാസമില്ല. നാം കൽപ്പിച്ചു കൊടുക്കുന്ന വിലഭേദങ്ങൾ മാത്രം. എല്ലാ ദിവസവും ‘ഓണം’ പോലെ പ്രസന്നമായ മനസ്സുമായി ജീവിക്കണം. പ്രതീക്ഷയുടെ പൊന്നോണമാണ്‌. അതിനു ചിങ്ങമാസം വരെ കാത്തിരിക്കേണ്ട ആവശ്യമില്ല. ഏറ്റവും കോളും കുളിരുമുള്ള ദിനങ്ങളിൽ നാം ഓണത്തിന്റെ ഓർമ്മ ഉള്ളിൽ നിറയ്ച്ചു ജീവിക്കണം. അപ്പോൾ മനസ്സിന് ശക്തി ലഭിക്കും.

ദീർഘായുസ്സായി, ആരോഗ്യത്തോടെ, കൃതജ്ഞതയോടെ ജീവിക്കുക.

മരത്തിനെപ്പോലെ തണൽ കൊടുത്തും, ഫലങ്ങൾ നൽകിയും, ശുദ്ധ വായു പ്രവഹിപ്പിച്ചും ഓരോ നിമിഷവും ചിലവിടുക.


ഒരെഴുത്ത്‌

പ്രിയപ്പെട്ട എന്റെ അമ്മയ്ക്ക്,

ഇന്ന് രാവിലെ പി.ടി. കഴിഞ്ഞു, ഒരു ചായയും കുടിച്ചു കൊണ്ടാണ് ഇതെഴുതുന്നത്. കഴിഞ്ഞ രണ്ടാഴ്ചയുടെ അത്ര ബുദ്ധിമുട്ട് ഇന്ന് തോന്നിയില്ല. കുതിര സവാരിയും, ജോഗിങ്ങും ഒക്കെ പരിചയമായി കഴിഞ്ഞു. ഒരു മണിക്കൂറിനുള്ളിൽ പ്രാതലിനു ഹാജരാവണം. അത് കഴിഞ്ഞു ക്ലാസ്സുകളാണ്. വൈകിട്ട് നാലര വരെ. പിന്നെ ധാരാളം പരിപാടികളാണ്. പാട്ടും, ഡാൻസും, നാടകവും, കലാപരിപാടികളും മറ്റും… ഞാൻ എല്ലാം പരമാവധി കാണാനും, കൂടാനും നോക്കുന്നു. പല നാടുകളിലെ ധാരാളം പ്രൊബേഷണേഴ്‌സ് ഉള്ളതിനാൽ വളരെ ഉത്സാഹമാണ്.
ഈ മാസം ശമ്പളം കിട്ടും. എന്റെ ആദ്യ ശമ്പളം.മണി ഓർഡറായി ഞാൻ അത് അയക്കും.ഒരപേക്ഷ : ഉണ്ണികൃഷ്ണന് ഒരു പാല്പായസം മതി. ധാരാളം ഊട്ടി വയറു കേടാക്കണ്ട കുസൃതിയെ!

ബാക്കി പൈസ കൊണ്ട് , എന്റെ അമ്മ ആദ്യം രാധമ്മായിയുടെ അടുക്കൽ നിന്നും ട്രെയിൻ ടിക്കറ്റിനും മറ്റും വാങ്ങിച്ച കടം കൊടുത്തു തീർക്കണം. അതിനു ശേഷവും പൈസ ഉണ്ടാവും. അത് കൊണ്ട് എന്റെ അമ്മ നല്ല കുറച്ചു ജോഡി സെറ്റും മുണ്ടും വാങ്ങിക്കണം. അടുക്കളയിലെ ചോർച്ച അടയ്ക്കാൻ മാധവൻ ചേട്ടനോട് പറയണം. ഇനി കടം പറയണ്ട. ഇപ്രാവശ്യം തുലാവർഷത്തിനു  മുറിയിൽ ബക്കറ്റ് വെയ്ക്കണ്ട കേട്ടോ.

ഫാത്തിമ ടീച്ചറോട് സ്നേഹം പറയണം. ടീച്ചറുടെ അടുക്കൽ നിന്നും വാങ്ങിച്ച പുസ്‌തകങ്ങൾ തിരിച്ചു കൊടുക്കണം. അതെന്റെ അലമാരയിലുണ്ട്. അമ്മയ്ക്ക് കണ്ടാൽ മനസ്സിലാവും. തടിയൻ പുസ്തകങ്ങളാണ്.

നമ്മുടെ ആടുകൾക്കും, കോഴികൾക്കും, റോസാപ്പൂക്കൾക്കും, കുടമുല്ലപ്പൂക്കൾക്കും എന്റെ ഇഷ്ടം പറയണം. ട്രെയിനിങ് തീർന്നു ഞാൻ വരുമ്പോൾ എല്ലാരേയും കാണാം.

ഇനി അമ്മ ഓല മിടയാൻ പോകണ്ട. ആ വേദനയും വയ്ച്ചു കുത്തിയിരിക്കണ്ട. എല്ലാ മാസവും ഞാൻ പൈസ അയക്കും. എന്റെ അമ്മയെ നോക്കാനല്ലാതെ പിന്നെ എനിക്കെന്തിനാ ഈ ജോലി? ജനത്തെ സേവിക്കുന്നതിനു മുൻപ് എനിക്കെന്റെ അമ്മയെ നോക്കണം. അതെന്റെ സ്വാർഥതയാണ് കേട്ടോ. പിണങ്ങേണ്ട.

കളക്ടറാവണം എന്ന് എട്ടിൽ വയ്ച്ചു വായനശാലയുടെ പ്രസംഗ മത്സരത്തിൽ പറഞ്ഞപ്പോൾ, മുക്കാൽ കാശിനു ഗതിയില്ലാത്തവളുടെ സ്വപ്നം കൊള്ളാം എന്ന് കളിയാക്കി എല്ലാവരും. എത്ര പേരുടെ ആട്ടും തുപ്പും കൊണ്ടാണമ്മേ എനിക്ക് പുസ്തകങ്ങൾ വാങ്ങിച്ചു തന്നത് ? കഞ്ഞി കുടിക്കാൻ ഗതിയില്ലാത്തവളെ കോളേജിൽ വിടണോ എന്ന് പറഞ്ഞു കളിയാക്കിയില്ലേ നാട്ടുകാരും വീട്ടുകാരും?

എങ്കിലും എന്റെ അമ്മേ , ഉണ്ണി കൃഷ്ണനെയും തുണ വിളിച്ചു കൊണ്ട് , രാവിലെ അഞ്ചരയോടെ ട്രാൻസ്‌പോർട് ബസ്സിൽ, നഗരത്തിലെ കോളേജിലേക്കെന്നെ വിട്ടയച്ചിട്ടുണ്ട് ! നഗരത്തിലെ പബ്ലിക് ലൈബ്രറിയും, കോളേജിലെ ലൈബ്രറിയും എനിക്ക് നമ്മുടെ വീട് പോലെ സുരക്ഷിതമായ ആലയങ്ങളായി മാറി.

അമ്മയുടെ പൊതിച്ചോറുണ്ട്, ഞാൻ കുറിച്ചെടുത്ത നോട്ടുകളാണ്, മത്സര പരീക്ഷയിലും സരസ്വതീ കടാക്ഷമായി തീർന്നത്. ആ ചോറും, ചുമന്ന ചമ്മന്തിയും, മാങ്ങാ അച്ചാറും…അതിന്റെ രുചി , മുസ്സൂറിയിലെ ഡൈനിങ്ങ് ഹാളിൽ ഇല്ല.

അയ്യോ, സമയം പോയതറിഞ്ഞില്ല. ഇനി അടുത്താഴ്ച എഴുതാം കേട്ടോ. അമ്മ എന്നെ പറ്റി വിഷമിക്കണ്ട. എന്നോടൊപ്പം, അമ്മയുടെ  നിർത്താത്ത വിളി കേട്ട് ഇരിക്കപ്പൊറുതിയില്ലാതെ ആ ഉണ്ണികൃഷ്ണൻ സ്ഥിരം കൂടിയിട്ടുണ്ട്! പിന്നെ എനിക്കെന്തു കുറവാണ് ?

ഇതൊക്കെ സ്വപ്നമാണോ സത്യമാണോ എന്ന് ചിലപ്പോൾ വിചാരിച്ചു പോകാറുണ്ട്.

ഞാൻ പോകട്ടേ. ക്ലാസിനു പോകാൻ നേരമായി. എൻ്റെ അമ്മ വല്ലതും നിറച്ചു കഴിക്കണം കേട്ടോ.

ഉമ്മ,

സ്വന്തം മകൾ
വിനീത ബാല IAS

മുസ്സൂറി

23/9/90


Querencia in Many Guises…

My daughter laughs at her Physics Lab escapades. Murphy has got his law right, apparently. And she believes, in a blissful spiritual mode, that the Universe wants her to pursue pure Math !

May you always be at a place where learning graces you with warmth, the guidance of great mentors and the comfort of true friends. A place where you feel at home. A sanctum sanctorum. A holy place. Where you can laugh out loud and free. No fears, no recriminations. Only encouragement and growth. And yes, in case you stumble at times, someone around to give a hug and a cup of coffee. Until you get up, dust off that misery, and walk again, with head held high.

My prayer is silent.

Thank you, thank you, thank you.

As always, You will guide us to the path that You know is best for us.

May we have the sense to follow, and the humility to listen when You beckon.

***

I watched ‘ The perks of being a wall flower.’ What a movie. Inexplicably, it brought to mind Murakami’s novel, ‘Norwegian Wood’. Maybe the death of the best friend and  all that intense suffering. And that vinyl of Beatles.

Loneliness, the need for companionship, and a place to belong.

‘Maybe we accept the love we think we deserve.’

That was stark and precise. Deep and mystical.

And explains many a relationship, many a friendship, many a turn in life.

***

A nice word to chew over in the wintry sunlight?

Querencia…

Copying from Wiki…

querencia is a place the bull naturally wants to go to in the ring, a preferred locality… It is a place which develops in the course of the fight where the bull makes his home. It does not usually show at once, but develops in his brain as the fight goes on. In this place he feels that he has his back against the wall and in his querencia he is inestimably more dangerous and almost impossible to kill.

 

 

 


‘Papathara’ by Sarah Joseph: A Story for Daughters’ Day

Female Foeticide,  female infanticide, dowry system, degradations, humiliations, dowry murders…the saga of the girl child caught in a searing, powerful short story in Malayalam by Prof.Sarah Joseph.

Papathara : The Ground of Sin

 


അന്ന വസ്ത്രാദി മുട്ടാതെ ഞങ്ങളെ…

‘നിന്റെ അമ്മൂമ്മയുടെ കൈപ്പുണ്യം ഒന്ന് വേറെ തന്നെയായിരുന്നു! അമ്മ വെറുതെ പച്ച പപ്പായ വേവിച്ചു, കറിവേപ്പില ഞെരടി, ഒരു തുള്ളി പച്ച വെളിച്ചെണ്ണ ഒഴിച്ച്, ഉപ്പിട്ട് തന്നാലും അമൃതിന്റെ രുചിയായിരുന്നു…’ ചെറു പ്രായത്തിലേ മരിച്ചു പോയ അമ്മയെ കുറിച്ച്, എന്റെ അമ്മയുടെ ഓർമ്മകളിൽ ഇപ്പോഴും ആഹാരത്തിന്റെ രുചി നിറഞ്ഞു നിൽക്കുന്നു.

ആഹാരം ഉണ്ടാക്കുക എന്നത് , ഒരു കലയും, കവിതയും, ധ്യാനവും, ഡി-സ്ട്രെസ്സിങ് തെറാപ്പിയും മറ്റുമായി വിവക്ഷിക്കപ്പെടുന്നതിനു മുൻപുള്ള കാലം. അന്ന് സ്വന്തം ശരീരത്തിന്റെ ഭരണം പോലും സ്ത്രീകൾക്കില്ല. പല തറവാടുകളിലും അമ്മയും മകളും രണ്ടു മുറികളിൽ പ്രസവിച്ചു കിടക്കുന്ന കാലം. എന്നിരിക്കിലും, ഭക്ഷണ മേഖല സ്ത്രീയുടെ ചുമതലയിൽ പെടുമായിരുന്നു.

‘ഉള്ളത് കൊണ്ട് ഓണം’ എന്നും മറ്റുമുള്ള ചൊല്ലുകൾ, ദാരിദ്ര്യത്തിലും സമൃദ്ധി വരുത്തുന്ന ‘സ്ത്രീകളുടെ മാനേജ്‌മന്റ്’ തന്ത്രങ്ങളെ പ്രകീർത്തിക്കുക കൂടിയാണ്. വിശന്നു തളർന്ന ആറു കുഞ്ഞുങ്ങളെ , ചോറോ കഞ്ഞിയോ വയ്ക്കാൻ നിവൃത്തിയില്ലാതെ, പച്ച പപ്പായ ഊട്ടിയ എൻ്റെ അമ്മൂമ്മയുടെ കണ്ണീരുപ്പ് തന്നെയാവും അമൃതിന്റെ രുചിയുടെ കാതൽ. ആഹാരത്തിനെ
പറ്റി പലരും  പറയുകകയും, എഴുതുകയും ചെയുമ്പോൾ ഞാൻ ഓർക്കുന്ന കഥയാണത്.

**
“അമ്മൂമ്മ ഉണ്ടാക്കുന്നത് മാതിരി, ഉള്ളി നല്ല ബ്രൗൺ കളറിൽ മൊരിച്ചു വേണം.” ഒരു നിർദ്ദേശം എനിക്കും ലഭിച്ചു! മുട്ട പുഴുങ്ങി, ഉള്ളി മൂപ്പിച്ചു അമ്മൂമ്മ കറി ഉണ്ടാക്കാൻ ഞാൻ ശ്രമിച്ചു.
“ഇതിന് വലിയ എരിവാണല്ലോ…!” ഒരു കുറ്റപ്പെടുത്തൽ കൂടി മകളിൽ നിന്നും കിട്ടിയത് മിച്ചം .

വാഴയ്ക്കാപ്പം ഉണ്ടാക്കിയപ്പോൾ അതാ വരുന്നു അടുത്ത ‘തലമുറ താരതമ്യം.’
‘ അമ്മൂമ്മയുടെ വാഴക്കപ്പത്തിന് നല്ല ഷെയ്പ്പാണല്ലോ…ഇതെന്താ ഇങ്ങനെ ഇരിക്കുന്നത് ?’
‘അപ്പം തിന്നാൽ പോരെ, കുഴിയെണ്ണണോ?’ എന്നാണ് ശരിക്കും മറുപടി കൊടുക്കേണ്ടത്.
‘എടി ചട്ടമ്പി ! Do not look a gift horse in the mouth…’ മൈദയില്ലാതെ, കിട്ടിയ കടല മാവ് വയ്ച്ചു പഴംപൊരി ഉണ്ടാക്കിയതും പോര , ഇനിയിപ്പോൾ, ‘ദി ഷേപ്പ് ഓഫ് യൂ’ എന്നും പാടാനോ?

അമ്മയോട് പറഞ്ഞപ്പോൾ നിറഞ്ഞ ചിരി. കുടുംബത്തിന്റെ ധന-ധാന്യ സമ്പത് വ്യവസ്ഥ എത്ര മാറിയാലും, അമ്മൂമ്മ എന്ന ‘ക്വാളിറ്റി ബെഞ്ച്മാർക്’ തലമുറകളിലൂടെ നിലനിർത്തപ്പെടുന്നു.
‘Gully Boy’യിൽ രൺവീർ സിംഗ് പാടിയത്   പോലെ  ‘അപ്‌നാ ടൈം ആയേഗാ!!!’

***
നുറുങ്ങു കഷ്ണം : ‘Lamb to the slaughter’ എന്നൊരു ക്ലാസ്സിക് Roald Dahl ചെറു കഥയുണ്ട്. Alfred Hitchcock Presents എന്ന സീരിസിൽ ഒരു എപ്പിസോഡ് അതിന്റെ ദൃശ്യ-ആവിഷ്കരണമാണ്.
ആഹാരം ‘ഹരിക്കുന്നതു’ കാണണമെങ്കിൽ , അതൊന്നു വായിക്കൂ…കാണൂ !

***


ഇന്നത്തെ ചിന്താവിഷയം

അമ്മയുടെ നിതാന്ത പരിശ്രമ ഫലമായി, ഞങ്ങളുടെ വീടെപ്പോഴും നല്ല വൃത്തിയും വെടിപ്പുമുള്ള ഇടമായിരുന്നു. ബെഡ്ഷീറ്റുകൾക്കു സൂര്യന്റെ മണമായിരുന്നെന്നു ഞാൻ കൂട്ടുകാരോട് പറഞ്ഞിട്ടുണ്ട്! വാസനയുള്ള സോപ്പ് പൊടി കൊണ്ട് കഴുകി, നല്ല സൂര്യ പ്രകാശത്തിൽ ഉണക്കിയ ‘sunshine smell !’

‘Recycling’ എന്നൊക്കെ കേൾക്കുന്നതിന് മുൻപ് തന്നെ, ഞങ്ങൾ വീട്ടിൽ കണ്ടിട്ടുണ്ട്. നിറമുള്ള തുണി, ആദ്യം സാരി രൂപത്തിൽ ആഘോഷിക്കപ്പെട്ട് , പിന്നെയുള്ള അവതാരം കർട്ടനായും , തലയിണ കവറായും; അതിനു ശേഷം പാവം ‘hierarchy of status ആൻഡ് power’ -ഇൽ പിന്തള്ളപ്പെട്ടു പതുക്കെ അടുക്കളയിലെ കൈക്കല തുണിയായി പരിണമിച്ചു അതിന്റെ ജീവിത ചക്രം പൂർത്തിയാക്കി വന്നിരുന്നു .

ശ്രീമതി വത്സലയുടെ ഒരു ലേഖനത്തിൽ, പഴയ തയ്യൽ യന്ത്രത്തേയും , കൈയൊടിഞ്ഞ തവിയേയും വിട്ടു പിരിയാനാവാത്ത വീട്ടമ്മയുടെ മനഃസ്ഥിതിയെ പറ്റി പരാമർശനമുണ്ട്‌.
അമ്മ, എന്റെ രണ്ടാം ക്ലാസ്സിലെ പ്രോഗ്രസ്സ് കാർഡ് എടുത്തു കൊച്ചു മോൾക്ക് കാണിച്ചു കൊടുത്തപ്പോൾ, ഞാൻ ശരിക്കും അതിന്റെ വേറൊരു മാനം കണ്ടു.
‘ നിന്റെ അമ്മയുടെ റാങ്ക് നോക്ക്…’ എന്നൊരു കൊച്ചു കുത്തും!
എന്റെ കുറുമ്പി കുട്ടി , പുരികങ്ങൾ ചുളിച്ചു കൊണ്ട്, പുരാവസ്തു ഗവേഷണം മാതിരി, ഈജിപ്ഷ്യൻ മമ്മിയുടെ നിറഞ്ഞ ഭരണകാലം, വിശദമായി പരിശോധിച്ചു!
‘ അമ്മയ്ക്ക് പണ്ടേ കണക്കു പ്രിയമല്ല അല്ലേ ?’ എന്നൊരു എതിർ വാദം വാദിച്ചു, എന്റെ ബാല്യ കാല റാങ്കു നേട്ടങ്ങൾ നിഷ്പ്രഭമാക്കി, അമ്മൂമ്മയോടു പോര് വിളിച്ചു.
‘പിന്നേ ! ഞാൻ കാണിച്ചു തരാം അവളുടെ സര്ടിഫിക്കറ്റകള് !’ എന്ന് അമ്മ തലയും കുത്തി അവളുടെ വിദഗ്ദ്ധമായ കുരുക്കിൽ വീഴുകയും ചെയ്തു.
‘ ഈ അമ്മൂമ്മ എന്തിനാ ഇതൊക്കെ സൂക്ഷിച്ചു വയ്ക്കുന്നത് ?’ ചോദ്യം വരാൻ അധികം താമസ്സമുണ്ടായില്ല.
‘നിന്നെ കാണിക്കാൻ…’ ഞാൻ ഉത്തരമുണ്ടാക്കി, പരീക്ഷ ജയിക്കാൻ നോക്കി.

‘ നിന്റെ ചേച്ചി ആദ്യമായി കൈപിടിച്ച് പാല് കുടിച്ച സ്റ്റീൽ ഗ്ലാസ് .’ അമ്മ ഒരു കുഞ്ഞു ഗ്ലാസും എടുത്തു കൊണ്ട് വന്നു.
ഇളയവൾ ‘whatever’ എന്ന സാമാന്യഅർത്ഥം വരുന്ന, ലോകത്തിലെ സകലമാന പുതു തലമുറയ്‌യ്ക്കും പരിചിതമായ ‘eye-rolling’ എന്ന വിശ്വമനുഷ്യഭാഷയിൽ ചിന്തകൾ വ്യക്തമാക്കി തന്നു.
പിന്നെ, ഞാനും അമ്മയും തനിച്ചിരുന്നപ്പോൾ, ഞാൻ പറഞ്ഞു ..’ അമ്മാ, ഞാനും സൂക്ഷിച്ചു വയ്ച്ചു തുടങ്ങി…’
**

‘Minimalism’ എന്നൊരു വഴിയുണ്ട്. ആവശ്യത്തിന് വേണ്ടതേ പാടുള്ളൂ. ബാക്കി ദാനം ചെയ്യാം. പൊടി തുടച്ചും, നിലം തുടച്ചും പരിക്ഷീണരാകേണ്ട; മനുഷ്യന് അധികം സാധനങ്ങൾ വേണ്ടല്ലോ !
Marie Kondo എന്ന ജാപ്പനീസ് സുന്ദരി, ‘de-cluttering’ ഇന് പുതിയ പരിഭാഷ നൽകി, സാധങ്ങൾ വേണമോ വേണ്ടയോ എന്ന് തീർച്ചപ്പെടുത്തി, ജീവിതം ലളിതമാക്കാൻ പഠിപ്പിക്കുന്നു. അവരുടെ പുസ്തകം വിറ്റു പോയത് ലക്ഷങ്ങളാണ്!

അപ്പോൾ ഇന്നത്തെ എന്റെ ചിന്ത വിഷയം: കൂടുതൽ ലാളിത്യവും, ഓർമ്മകളുടെ സൂക്ഷിപ്പും എങ്ങനെ ഒരുമിച്ചു കൊണ്ട് പോകും?
കൂടുതൽ കൊടുക്കണോ, സൂക്ഷിക്കണോ?
വൃത്തിയും വെടിപ്പുമുള്ള, സൂര്യ പ്രകാശത്തിന്റെ വാസനയുള്ള വീട് വേണോ വേണ്ടയോ?
**