
‘ അമ്മേ, നല്ല മീൻ കിട്ടി, മസാലയുണ്ട്; ഒരു ഉള്ളിയും, ഒരു തക്കാളിയും. മീൻ കറി വയ്ക്കാൻ പറഞ്ഞു തരുമോ?’ ഗണിതമാണ് അവളുടെ വിഷയവും , ഉത്സാഹവും, ഉൾപ്രേരണയും. ആഹാര നിർമ്മിതി പഠിച്ചു തുടങ്ങിയതേയുള്ളൂ. കൂട്ടാൻ ഉണ്ടാക്കാൻ സുഹൃത്തും കൂടുന്നു. അറ്റകൈക്ക്, തണുത്തുറഞ്ഞ റോഡിൽ കൂടി അടുത്തുള്ള സ്റ്റോറിൽ പറഞ്ഞു വിട്ടു കുറച്ചു തേങ്ങാ പൌഡർ സംഘടിപ്പിക്കാം, കറിവേപ്പിലയും.
‘മക്കളെ, കൈപ്പുണ്യം എന്ന് വെച്ചാൽ, നല്ല സ്നേഹം മനസ്സിൽ നിറച്ചിട്ടു, ഭഗവാനെ ഞാൻ അന്നം ഉണ്ടാക്കാൻ പോകുന്നു, കൂടെ നിൽക്കണം കേട്ടോ, എന്ന് പ്രാർത്ഥിച്ചു കൊണ്ട്, വളരെ സാവധാനത്തിൽ, ലാളിത്യത്തോടെ ആഹാരം ഉണ്ടാക്കണം,’ ‘അമ്മ ഉപദേശിച്ചു.
‘ പരീക്ഷയ്ക്ക് മാത്രമല്ല, മീൻ കറി വെയ്ക്കുമ്പോഴും ഭഗവാനെ വിളിക്കാമോ?’ അവൾ ചിരിച്ചു.😊
‘ എന്തായാലും, മഞ്ഞളും, മല്ലിയും, മുളകും പുരട്ടി, തക്കാളിയും, നാരങ്ങാ നീരും ഉപയോഗിച്ച്, ഉള്ളി, എണ്ണ തുടങ്ങിയ സഹപ്രവർത്തകരെ കൂടെ ഉപയോഗിച്ച് ഒരു നല്ല ‘ടീം വർക്ക്’ ഞാൻ പറഞ്ഞു കൊടുത്തു. ‘ ‘കൈയിൽ ഉള്ള സാധനങ്ങൾ കൊണ്ട് പണ്ട് വലലനായ ഭീമൻ, അജ്ഞാത വാസക്കാലത്തു അവിയൽ വെച്ചത് പോലെ’, എന്നൊരു മേമ്പൊടിയും ചേർത്ത് കൊടുത്തു.
രാവിലെ എണീറ്റപ്പോൾ, ഒരു മെസ്സേജ് : ‘നല്ല ഒന്നാന്തരം മീൻ കറി ഉണ്ടാക്കി.’
കണക്കിനും, പാചകത്തിനുമുള്ള അടിസ്ഥാനം ലാളിത്യമാണ് എന്ന് ഞാൻ തിരിച്ചു മെസ്സേജ് അയച്ചു.
**
‘തണുപ്പാണ്, സ്വെയ്റ്റർ ഇട് എന്റെ കുഞ്ഞേ !’
‘എനിക്ക് ചൂടെടുക്കുന്നൂ !’
‘ അയ്യോടി! നാട് മുഴുവൻ വിറച്ചു വിറങ്ങലിച്ചു ഇരിക്കുമ്പോഴോ?’
‘ എനിക്ക് തണുക്കുന്നില്ല.’
അടുത്ത ദിവസം, യങ് റെബെല്ലിസ് ടീനേജർക്കു നല്ല പനി. രണ്ടു സ്വെയ്റ്റർ ഇട്ടിട്ടും ‘ തണുക്കുന്നു’ എന്ന് ചിണുങ്ങിയപ്പോൾ, ഞാൻ പറഞ്ഞു ‘തണുപ്പിന് അഹങ്കാരികളെ തീരെ ഇഷ്ടമില്ല. തുണിയുണ്ടായിട്ടു ഉടുക്കാതിരിക്കുന്നത്, ആഹാരം കഴിക്കാൻ ഉണ്ടായിട്ടു ഭക്ഷിക്കാതെ ഇരിക്കുന്നത്…ഇതൊക്കെ അഹന്തയുടെ ലക്ഷണങ്ങളാണ്. അവിടെ ‘ ഓൾഡ് ഫാഷൻഡ് ‘ ഒരു അമ്മയെ ഉളളൂ – പ്രകൃതി. അവർക്കാണെങ്കിൽ സന്തുലനം വളരെ ആവശ്യമായ കാര്യമാണ് താനും.
‘ എടി, ഞാൻ മീൻ കറി ഉണ്ടാക്കി. നിനക്കെന്താ പനി പിടിച്ചോ? കഷ്ടം, അമ്മ പറഞ്ഞിട്ടും സ്വെയ്റ്റർ ഇട്ടില്ല അല്ലെ?’ ചേച്ചി കളിയാക്കിയപ്പോൾ, അനിയത്തി പൂച്ചകുട്ടി മുരണ്ടു , ‘മീൻ കറി edible ആയിരുന്നോ?’
‘ പണ്ടേ അവൾക്കു നല്ല ബഹുമാനമാണ്’, എന്ന് സിനിമ സ്റ്റൈലിൽ ചിരിച്ചു കൊണ്ട് ചേച്ചി അതിനെ കൌണ്ടർ
ചെയ്തു.
അപ്പോൾ ഞാൻ ഭഗവാനെ വീണ്ടും വിളിച്ചു . പഠിക്കാനും, ഭക്ഷണം ഉണ്ടാക്കാനും നേരത്തു മാത്രമല്ല, വെറുതെ ഇരിക്കുമ്പോഴും അദ്ദേഹം വാതിൽ അടയ്ക്കാറില്ലല്ലോ.
‘ കുഞ്ഞുങ്ങൾക്ക് ആയുസ്സും ആരോഗ്യവും നൽകി കൊണ്ടിരിക്കുന്ന , ആവശ്യത്തിന് ഭക്ഷണവും ഉടുപ്പും നൽകുന്ന , സ്നേഹം വാരിക്കോരി വിളമ്പുന്ന , ജീവിതത്തിൽ എല്ലാം എല്ലാം തന്നു കൊണ്ടിരിക്കുന്ന, സ്നേഹസ്വരൂപ, ഇതൊക്കെ ധാരാളം. ഇത് തന്നെ അമൃത്. നിറഞ്ഞു വിളയാടിയാലും ഞങ്ങളുടെ ഉള്ളുകളിൽ.’
യാതൊന്നു കാൺമതതു നാരായണ പ്രതിമ
യാതൊന്നു കേൾപ്പതതു നാരായണ സ്തുതികൾ
യാതൊന്നു ചെയ്തവതതു നാരായണാർച്ചനകൾ
യാതൊന്നതൊക്കെ ഹരി നാരായണായ നമഃ
നല്ല പുതു വർഷം ഏവർക്കും ഉണ്ടാകട്ടെ.
**