അല്പത്തം അഥവാ അല്പത്തരം അഥവാ നീചം അഥവാ വിലകുറഞ്ഞ പ്രവൃത്തി അഥവാ petty /demeaning എന്നിങ്ങനെ മനുഷ്യന്റെ പല സംസാരങ്ങളേയും , പ്രവൃത്തികളേയും ദൈനം ദിന ജീവിതത്തിൽ കാണാൻ സാധിക്കുന്നു.
സോപ്പിട്ടു നില്കാത്തവർക്കാണ് സാധാരണ ഗതിയിൽ ഇത്തരം വാക്-വൃത്തികൾ നേരിടേണ്ടി വരുന്നത്.
‘അമ്പട ഞാനേ!’ എന്ന് വിചാരിക്കുന്ന, വിശ്വസിക്കുന്ന, അല്പരുടെ ആധിക്യമാണ് ഭൂമിയിൽ.
അവരില്ലെങ്കിൽ ഭൂമി അച്ചു തണ്ടിൽ നിന്നും താഴെ വീഴും, സുനാമികൾ ഉയരും, സൂര്യൻ ആകാശത്തിൽ നിന്നും മായും! അതവർ ആത്മാർഥമായി വിശ്വസിക്കുന്നു. അവർക്കു മരണമില്ല, ആരോഗ്യ പ്രശ്ങ്ങൾ ഒരിക്കലും ഉണ്ടാവുകയില്ല, അവർ ഭൂമിയിൽ നിന്നും ഒരടിപ്പൊക്കത്തിൽ സഞ്ചരിക്കുന്ന മഹത്തുക്കളത്രെ!
അങ്ങനെയുള്ള ആ മഹത്‌വ്യക്തികളെ നിങ്ങൾ വേണ്ട പൂർവം, ഉപചാരപൂർവ്വം മാനിക്കുന്നില്ലെങ്കിൽ, നിഴൽക്കുത്ത്, നേരിട്ടുള്ള ആക്രമണം, പിന്നിൽ നിന്നുളള അപവാദ പ്രചാരണം, പാർട്ടികളിൽ നിങ്ങളുടെ പേര് പറഞ്ഞുള്ള അട്ടഹാസവും പൊട്ടിച്ചിരിയും…അങ്ങനെ പല പല വിഭവങ്ങൾ സദ്യയിൽ വിളമ്പും.
പണ്ട് ‘അയ്യോ, നാട്ടുകാരെന്തോന്നു പറയും!’ എന്ന് ഉപദേശിച്ച ഒരു സത്‌സ്വഭാവിയോടു അച്ഛൻ ചിരിച്ചോണ്ട് പറഞ്ഞത് എനിക്ക് നല്ല ഓർമ്മ.
‘ചത്ത് പോയാൽ , ആരും വന്നില്ലെങ്കിലും, കോർപ്പറേഷൻ കുഴിച്ചിട്ടോളും. നിങ്ങൾ പാട് നോക്കി പോ!’
(വേറൊരു ആളുടെ അഭിപ്രായത്തെ പേടിച്ചു ജീവിക്കുന്നതിനേക്കാൾ ഭീകരമായ അവസ്ഥയുണ്ടോ? താലിബാനും അത് തന്നെയല്ലേ ചെയ്യുന്നത്? പെൺകുട്ടികൾ പഠിക്കരുത്!)
എന്തായാലും ചുറ്റും കേൾക്കാറുണ്ട് ധാരാളം : ‘ എല്ലാവരെയും ബഹുമാനിച്ചു വേണം കഴിയാൻ…പദവിയിൽ ഇരിക്കുന്നവരോട് എന്തിനാ വെറുതെ പോർവിളി?’
ബഹുമാനം അർഹിക്കുന്നത് പദവിയിൽ ഇരിക്കുന്നത് കൊണ്ടല്ല, മറിച്ചു ഒരാളുടെ വാക്കുകളും പ്രവൃത്തികളും കൊണ്ടാണ്.
എന്റെ കൂടെ ജോലി ചെയുന്ന പ്യൂൺ മുപ്പതു കൊല്ലമായി സേവനത്തിൽ. എത്രയോ കമ്മീഷണറുമാരെ ആ സാധു കണ്ടിട്ടുണ്ട്. എന്നെ ‘സർ’ എന്നാണ് സംബോധന ചെയ്യുന്നത്., ആ ആത്മാർഥത, അതെന്നെ സന്തോഷിപ്പിക്കുന്നു. ആ സമർപ്പണ മനോഭാവം, ജോലിയോടുള്ള commitment അതെന്നെ വിനയാന്വിതയാക്കുന്നു. ആ മനുഷ്യനെ ഞാൻ ബഹുമാനിക്കുന്നു. കൊടും തണുപ്പിൽ, രാവിലെ പത്തിരുപതു കിലോമീറ്റർ സൈക്കിൾ ചവിട്ടി എന്റെ ഓഫീസിൽ എത്തുമ്പോൾ ഞാൻ പറയും, ‘രാംസഹായി, ഹംകൊ ആപ് സെ കാഫി പ്രേരണ മിൽത്തെ ഹൈ’.
സമൂഹത്തിന്റെ മറ്റേക്കൊമ്പിൽ ഇരുന്നു പരദൂഷണം പറയുന്ന, വീമ്പടിക്കുന്ന, മറ്റുള്ളവരെ ഇകഴ്ത്തുന്ന, ആൾക്കാരെ കാണുമ്പോൾ ഞാൻ പണ്ട് അച്ഛൻ പറഞ്ഞതോർക്കും, രാംസഹായിയെ ഓർക്കും, പിന്നെ മിണ്ടാതെ എന്റെ പണി ചെയ്യാൻ തുടങ്ങും. അവർ അവരുടെ നേരമ്പോക്ക് നടത്തട്ടെ, നമുക്ക് ചെയ്യാൻ എന്തൊക്കെ നല്ല പ്രവൃത്തികൾ കിടക്കുന്നു.
ശുഭ നവവർഷം !