
(സൂം മീറ്റിംഗിലൂടെ ഇരുപത്തഞ്ചു വർഷങ്ങൾക്കപ്പുറം ഒരു ഒത്തുചേരൽ. നാം കാണുന്നത് വിനീതയുടെ കണ്ണുകളിലൂടെയാണ് )
ഒരു കമ്പ്യൂട്ടറിൽ തെളിയുന്ന മുഖങ്ങൾ …പല ദേശങ്ങളിൽ അധിവസിക്കുന്നവർ , പണ്ട് ഒരുമിച്ചു പഠിച്ചിരുന്ന പെൺപിള്ളേർ. ഇന്ന് പലരും തിരക്കുള്ള പ്രൊഫെഷണൽസ് , ചിലർ വീട്ടമ്മമാർ.
രശ്മി: ഹായ് എവെരിബോഡി ! കാണാമോ എല്ലാർക്കും? ലെറ്റ് അസ് ചെക്ക് ഒൺ ബൈ ഒൺ !
( നല്ല fashionable ആണ്, ലേറ്റസ്റ്റ് സ്റ്റൈലിൽ വസ്ത്രധാരണം. മുറിയിലെ ആഡംബരങ്ങളിൽ നിന്നും നല്ല ധനാഢ്യയെന്നു മനസ്സിലാക്കാം. വിദേശത്താണ് താമസം)
സെറീന : ഹെല്ലോ രശ്മി ! താങ്ക്സ് ഫോർ ദി കാൾ ! ഞാൻ ഇപ്പോൾ കാലിഫോർണിയയിൽ നിന്നാണ് ജോയിൻ ചെയ്തത് . സമയത്തിൻറെ പ്രശ്‌നമുണ്ട് ! അർദ്ധരാത്രിയായി…കുറച്ചു കഴിഞ്ഞു ഞാൻ ലോഗ് ഓഫ് ചെയ്യും കേട്ടോ!
(വിനീതയുടെ അന്തഃകരണം : അവൾ എന്നും പ്രശ്‍നങ്ങളിൽ നിന്നും ഓടുന്നവളായിരുന്നു. സ്വന്തം കാര്യം സിന്ദാബാദ്! രശ്മിയെ നേരിടാൻ അവൾക്കു ബുദ്ധിമുട്ടു കാണും. എന്നും അവർ തമ്മിലായിരുന്നല്ലോ മത്സരം!)
വിനീത : ഹലോ രശ്മി, സെറീന …എന്നെ ഓർമ്മയുണ്ടോ ? ദീപ്തി ലിങ്ക് ഫോർവേഡ് ചെയ്തു…അങ്ങനെ ജോയിൻ ചെയ്‌തതാണ്.
( ശാന്ത സ്വരം, ഒരു ചിരി എവിടെയോ ഉള്ള സംസാര രീതി.)
സെറീന : വിനീത ! ഹായ് ! താനിപ്പോൾ എന്തെടുക്കുന്നു ? ഗുഡ് ടു സീ യൂ ! എത്ര വർഷങ്ങളായി നമ്മൾ കണ്ടിട്ട് !
രശ്മി : അതേ! സോറി കേട്ടോ , ഐ ഡിഡ് നോട് ഹാവ് യുവർ നമ്പർ . ദീപ്തി ജോയിൻ ചെയ്തില്ലല്ലോ. ദീപ്തിയുമായി ഫ്രണ്ട്ഷിപ്പുണ്ട് അല്ലേ ?
വിനീത : (ചിരി ) അതേ , ഉണ്ട് . നിങ്ങള്ക്ക് രണ്ടാൾക്കും സുഖമാണല്ലോ അല്ലേ ?
രശ്മി : ഭയങ്കര ബിസി ആണെന്ന് മാത്രം. യു നോ ഐ ആം വിത്ത് ദിസ് MNC , റൈറ്റ് ? നെക്സ്റ്റ് പോസ്റ്റ് VP ആണ് …അപ്പൊ ട്രാവൽ, തിരക്ക് …കോൺഫെറെൻസ്സ് … ലാസ്‌റ് വീക്ക് ലിസ്ബണിൽ പോയിരുന്നു . പിന്നെ ഹബ്ബിയും സൂപ്പർ ബിസി . ബാങ്കർ അല്ലേ ? ഞങ്ങൾ joke ചെയ്യും : ‘ തമ്മിൽ കാണുന്നത് എയർപോർട്ടുകളിൽ വയ്ച്ചാണെന്ന് !
സെറീന : അത് പിന്നെ രോഹൻ എന്നും ട്രാവൽ തന്നെ ! രശ്മി പിന്നെ കുട്ടികളില്ലാത്തതിനാൽ ഭാഗ്യവതി തന്നെ ! ഞാൻ മോന്റെ പഠിത്തത്തിനായി ജോബ് വേണ്ടെന്നു വെച്ചതാണ് ! മോർണിംഗ് ബാസ്കറ്റ് ബോൾ , ഉച്ച തിരിഞ്ഞു അഡ്വാൻസ്ഡ് മാത്തമാറ്റിക്സ് , പിന്നെ ചെസ്സ് ക്ലബ് , കൂടാതെ സ്പെല്ലിങ് ബീ ചാംപ്യൻഷിപ് ! പിള്ളേർ മിടുമിടുക്കരാകുന്നതും പൊല്ലാപ്പ് തന്നെന്ന് ഞാൻ ഇന്നലെയും അമ്മയോട് പറഞ്ഞതേ ഉള്ളൂ !
വിനീത ( ആത്മഗതം : രശ്മിക്ക് കുട്ടികളില്ലെന്നു ഇവൾക്കെങ്ങനെ മനസ്സിലായി ? ഇനി അറിയാമെങ്കിൽ തന്നെ അത് പറയാൻ കൊള്ളാവുന്നതാണോ ?)
ദീപ്തി ജോയിൻ ചെയ്തല്ലോ …വെൽക്കം
ദീപ്തി : ഹലോ ! വിനീതാ , ദൈവമേ ഇത് നോക്ക്! എത്ര നാളായെന്റെ പൊന്നേ ! സെറീനയും ഉണ്ടല്ലോ ! രശ്മി ഹലോ ! നിങ്ങളെല്ലാം എത്ര സ്ലിം സ്ലിം ആയിരിക്കുന്നു !
വിനീത : ( ദീപ്തി എന്നും ഇങ്ങനെ തന്നെ . തെളിഞ്ഞ മനസ്സ് , കാപട്യങ്ങളില്ല !)
രശ്മി : ഹായ് ദീപ്തി. ഹൌ ആർ യൂ ?
ദീപ്തി : ഞാനിപ്പോൾ സുഖം ഗൃഹ ഭരണം ! നന്നായി തടിയും വയ്ച്ചു കേട്ടോ !
സെറീന : അത് പിന്നെ ജിമ്മിൽ പോയാൽ മതി. ഇപ്പോൾ എവിടെയാണ് സെറ്റിൽ ചെയ്തിരിക്കുന്നത് ?
ദീപ്തി : നമ്മുടെ സ്കൂളിനടുത്തു തന്നെ. നിങ്ങളെല്ലാവരും ഒരു ഓണത്തിന് വീട്ടിൽ വന്നത് ഓർമ്മയില്ലേ ? ഇപ്പോൾ വീട് പുതുക്കി പണിതു . പുള്ളിക്കാരൻ ഗൾഫിലാണ്. രണ്ടു പെൺപിള്ളേർ. ഒരാൾ കോളേജിൽ , ഒരാൾ ഏഴിൽ… അമ്മയുണ്ട് കൂടെ. വിനീത , താൻ ജോയിൻ ചെയ്തത് നന്നായി.
വിനീത : നാം പലപ്പോഴും കാണുന്നവരല്ലേ ? ഇന്ദുവിന് മെഡൽ കിട്ടിയത് വായിച്ചു ! എന്റെ വക അഭിനന്ദനം പറഞ്ഞോളൂ.
സെറീന : ആരാ ഇന്ദു ? മോളാണോ ? മെഡൽ എന്തിനാ കിട്ടിയത് ?
വിനീത : ദീപ്തിയുടെ മോൾക്കു ബി എയ്‌ക്ക് റാങ്കുണ്ട് . അതിന്റെ മെഡൽ വിതരണമായിരുന്നു കഴിഞ്ഞ ആഴ്ച.
സെറീന : ദാറ്റ് ഈസ് ഗുഡ് ! എന്താ എഞ്ചിനീറിങ്ങിനു വിടാത്തത് ? ബി. എ യൊക്കെ കഴിഞ്ഞാൽ ജോലി കിട്ടുമോ ഇക്കാലത്ത് ?
രശ്മി : താൻ എഞ്ചിനീറിങ് പഠിച്ചിട്ട് എന്തായി ? ഏതു ഫീൽഡിലും കമ്മിറ്റ്മെന്റ് ഉണ്ടെങ്കിൽ ഷൈൻ ചെയ്യാം. എന്റെയും congrats !
വിനീത ; ( ആത്മഗതം : വടി കൊടുത്ത് അടി വാങ്ങിച്ചു സെറീന. അവൾക്ക് കുത്തിനോവിക്കേണ്ട വല്ലോ കാര്യവുമുണ്ടായിരുന്നോ രശ്മിയെ ?)
ദീപ്തി : എന്ത് ഭംഗിയാ തന്റെ സാരിയ്ക്കു സെറീനാ ! അമേരിക്കയിലും സാരിയൊക്കെ ഉടുക്കാറുണ്ടോ ?
വിനീത : ( ആത്മഗതം : പാവം ദീപ്‌തി ! അവൾക്ക് ദുഷ്ടവിചാരങ്ങളില്ല)
സെറീന: ( ഒരു ടോപ്പിക്ക് കിട്ടിയതിന്റെ ആശ്വാസത്തിൽ ) ഓഹ് വല്ലപ്പോഴും ! നാട്ടിൽ വരുമ്പോൾ ഷോപ്പിംഗ് നടത്തും …ഇവിടെ ഗെറ്റ്- ടുഗെതർസിനു ചിലപ്പോൾ ഞാൻ compere ചെയ്യാറുണ്ട് …
വിനീത : നല്ല കാര്യം. പണ്ടും താൻ നന്നായി പ്രസംഗിക്കുമായിരുന്നു…
ദീപ്തി : വിനീത, ഇപ്പോൾ ആരോഗ്യം എങ്ങനെയുണ്ട് ? ചോദിക്കാൻ മറന്നു കുട്ടി !
വിനീത 😦 ചിരി ) സുഖമായിരിക്കുന്നു.
രശ്മി : ആഹ് ! എന്ത് പറ്റി ? എന്താ അസുഖം ?
വിനീത : ഏയ് , ഒന്നുമില്ല. കുറച്ചു നാൾ മുൻപ് കുറച്ചു വലഞ്ഞു . ഇപ്പോൾ സുഖം
സെറീന: അല്ല, തന്റെ വിശേഷങ്ങൾ അറിഞ്ഞില്ല ! എവിടെയാ ഇപ്പോൾ? ഫാമിലി?
വിനീത : ഞാൻ പാലക്കാടാണ് . ഇവിടെ സ്കൂളിൽ ടീച്ചറാണ് . ഫാമിലി , അച്ഛൻ, ‘അമ്മ, സഹോദരൻ.
സെറീന : ഓ, മാര്യേജ് ?
വിനീത : ചെയ്തില്ല. (ചിരി)
രശ്മി : സ്കൂൾ ജോബ് എങ്ങനെ ?
ദീപ്തി : വിനീത വളരെ ആക്റ്റീവാണ് കേട്ടോ ! എയ്‌ഡ്സ് രോഗം ബാധിച്ച കുഞ്ഞുങ്ങൾക്കൊക്കെ വേണ്ടി വളരെ നല്ല പ്രവർത്തനങ്ങൾ ചെയ്യുന്നു. ഒത്തിരി നല്ല ടീച്ചറുമാണ് ! ധാരാളം എഴുതാറുമുണ്ട് …ഇന്ദുമോൾ എപ്പോഴും വായിക്കും ദാ, അമ്മയുടെ ക്ലാസ്സ്‌മേറ്റ് എന്നും പറഞ്ഞു കൊണ്ട്…
വിനീത : നന്ദി ദീപ്തി!
രശ്മി : വൗ , ദാറ്റ് ഈസ് സൊ കൂൾ ! ഞാൻ അറിഞ്ഞില്ല. യൂ ഷുഡ് whatsapp മി യുവർ നമ്പർ !
സെറീന : താൻ മലയാളമല്ലേ പഠിച്ചത് ? പിന്നെങ്ങനെ സോഷ്യൽ സർവീസ് ഒക്കെ ?
വിനീത : അത് നമ്മുടെ താല്പര്യം പോലെയല്ലേ ?
രശ്മി : ഓക്കേ , എന്നാൽ ശരി , പിന്നെ കണക്ട് ചെയ്യാം. ഇറ്റ് വാസ് റീലി നൈസ് കേട്ടോ. ബട്ട് ടൈം ഫോർ എ ഷോർട് നാപ് നൗ ! നാളെ രാവിലെ ഒരു ഫ്ലൈറ്റുണ്ട് … മീറ്റിംഗ് അറ്റ് ലണ്ടൻ . പിന്നെ കാണാം..ബൈ
(ലോഗ് ഓഫ് ചെയ്യുന്നു )
സെറീന : അത് പിന്നെ ആർക്കാണ് നേരം? എനിക്ക് രാവിലെ മോനെ baseball പ്രാക്ടിസിനു കൊണ്ട് പോണം . ഒരു മണിക്കൂർ ഡ്രൈവ് ചെയ്യണം. പിന്നെ BMW ആയതു കൊണ്ട് അത് പ്രശ്‌നമില്ല. ബൈ…
(ലോഗ് ഓഫ് ചെയ്യുന്നു )
ദീപ്തി : രശ്മിയെ കാണാൻ ഇപ്പോഴും എന്തൊരു ഭംഗി ! കഷ്ടം , പറയാൻ പറ്റിയില്ല!
വിനീത : അതും കൂടി കേട്ടാൽ സെറീനയ്ക്ക് ദേഷ്യം പിടിച്ചേനെ !
ദീപ്തി : അല്ല, സെറീനയുടെ വീട് എന്തൊരു ഗെറ്റപ്പാ അല്ലേ ? അവരൊക്കെ എന്തു നന്നായാ ജീവിക്കുന്നേ ! അസൂയ തോന്നുന്നു ! നമ്മൾ ഇവിടെ ഈ കുറ്റിക്കാട്ടിൽ !
വിനീത : ഇതിനു മുൻപ് ഇങ്ങനെ തോന്നിയിട്ടുണ്ടോ നിനക്ക്?
ദീപ്തി : ഇല്ലെടോ ! എന്നാലും ഞാൻ മാത്രം ഒന്നും ചെയ്യുന്നില്ലല്ലോ എന്നൊരു വിഷമം !
വിനീത : വയ്യാതെ കിടക്കുന്ന അമ്മയെ നോക്കുന്നില്ലേ? രണ്ടു മിടുക്കർ കുഞ്ഞുങ്ങളെ വളർത്തി വലുതാക്കിയില്ലേ ? തന്റെ കുടുംബത്തിന്റെ സകല കാര്യങ്ങളും നന്നായി നോക്കുന്നില്ലേ ?
ദീപ്തി : അതൊക്കെ ശരി തന്നെ…എങ്കിലും…
വിനീത : ഒരു കാര്യം ചെയ്യൂ! എനിക്കു വേണ്ടി ഒരു നല്ല ചക്ക പുഴുക്ക് ഉണ്ടാക്കി വയ്ക്കൂ. മറ്റെന്നാൾ ഞാൻ ഒരു
മീറ്റിംഗിനായി അങ്ങോട്ട് വരുന്നുണ്ട് ! തന്നോടൊപ്പം ഒരു ദിവസം പ്ലാൻ ചെയ്തിട്ടിട്ടുണ്ട്. ഇന്ദുവിന് വേണ്ടി കുറച്ചു പുസ്‌തകങ്ങളും വാങ്ങണം !
ദീപ്തി (ഉഷാറോടെ) സത്യം ? എന്റെ ദൈവമേ ! എന്ത് നല്ല കാര്യം ! വേഗം വാ…എന്തോരം സംസാരിക്കാനുണ്ട് !
വിനീത : സ്വന്തം വലിപ്പമല്ലാത്ത ബാക്കി എന്തും സംസാരിക്കാം കേട്ടോ !
(രണ്ടു പേരും ചിരിക്കുന്നു. ലോഗ് ഓഫ് ചെയ്യുന്നു.)
***